തിരുവനന്തപുരം: മനുഷ്യരാശിക്ക് മുന്നിൽഅഫ്ഗാൻ ഒരു വലിയ പാഠമായാണ് നിൽക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മതമൗലികവാദത്തിന്റെ പേരിൽ തീ ആളിപടർത്തിയാൽ ആ തീയിൽ തന്നെ വീണ് ജനങ്ങളും രാഷ്ട്രങ്ങളും എരിഞ്ഞുപോകുമെന്ന പാഠമാണ് ഇത് നൽകുന്നതെന്നും മുഖ്യന്ത്രി പറഞ്ഞു.
മനുഷ്യരാശി ഇങ്ങനെ എരിഞ്ഞ് തീരാതിരിക്കാനുള്ള മനുഷ്യസ്നേഹത്തിന്റെ മഹത്തായ സന്ദേശം ലോകത്തിന് പകർന്നുതന്ന മഹാനാണ് ശ്രീനാരായണ ഗുരുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ചെമ്പഴന്തിയിൽ നടന്ന ശ്രീനാരായണാഗുരു ജയന്തിയാഘോഷം ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ജാതിമതഭേദങ്ങൾക്ക് അതീതമായി മനുഷ്യത്വത്തിന്റെ മഹത്വം വിളംബരംചെയ്യുന്ന ശ്രീനാരായണ ഗുരുവിന്റെ നവോത്ഥാന സന്ദേശങ്ങൾ എന്നത്തേക്കാളും ആർജ്ജവത്തോടെ ഉയർത്തിപ്പിടിക്കുകയും ജീവിതത്തിൽ പകർത്തുകയും ചെയ്യേണ്ട കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്. സാഹോദര്യവും സമത്വവും ദുർബലപ്പെടുത്തുന്ന വർഗീയരാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളും മുതലാളിത്ത ആശയങ്ങളും ഉയർത്തുന്ന വെല്ലുവിളികൾ മറികടന്ന് ഐക്യത്തോടെ നിൽക്കേണ്ട സന്ദർഭമാണിത്.എങ്കിൽ മാത്രമേ നിലവിലെ പ്രതിസന്ധികൾ പരിഹരിച്ച് സമാധാനവും സമൃദ്ധിയും നിറഞ്ഞ നവലോകം പടുത്തുയർത്തനാകൂ.
ആ ഉദ്യമത്തിനു കരുത്തുപകരാൻ ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങൾക്കു സാധിക്കും. അവ കൂടുതൽ ആഴത്തിൽ മനസ്സിലാക്കാനും പ്രചരിപ്പിക്കാനും സാമൂഹത്തിന്റെ പുരോഗതിയ്ക്കായി ഉപയോഗപ്പെടുത്താനും ആത്മാർഥമായ പരിശ്രമങ്ങൾ ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.