ഇടുക്കി: ദേവികുളം എംഎൽഎ എ. രാജയെ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്താൻ മുൻ എംഎൽഎ എസ്. രാജേന്ദ്രൻ ശ്രമിച്ചെന്ന ആരോപണത്തിൽ കഴമ്പുണ്ടെന്ന് പാർട്ടി അന്വേഷണ കമ്മീഷന്റെ കണ്ടെത്തൽ. ഇതോടെ എസ്. രാജേന്ദ്രനെതിരെ പാർട്ടി നടപടിയുണ്ടാകുമെന്ന് ഉറപ്പായി.
അടിമാലി, മൂന്നാർ, മറയൂർ സിപിഎം ഏരിയ കമ്മിറ്റി അംഗങ്ങൾ രാജേന്ദ്രനെതിരെ അന്വേഷണ കമ്മീഷന് മൊഴി നൽകി. ജില്ലാ കമ്മിറ്റി നിയോഗിച്ച രണ്ടംഗ സമിതിയാണ് ആരോപണം അന്വേഷിക്കുന്നത്.
ജാതീയമായ വേർതിരിവ് ഉണ്ടാക്കി എ. രാജയെ തോൽപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. ദേവികുളം മണ്ഡലത്തിൽ പ്രബലമായ ഒരു ജാതിയിൽ സ്വാധീനമുള്ളയാളാണ് എസ്. രാജേന്ദ്രൻ. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ രാജേന്ദ്രൻ പിന്നോട്ട് നിന്നുവെന്നും ആരോപണമുയർന്നിരുന്നു.
രാജേന്ദ്രനെതിരെ ഉയർന്ന ആരോപണങ്ങളെല്ലാം ശരിവെക്കുന്നതാണ് ഏരിയ കമ്മിറ്റി അംഗങ്ങൾ നൽകിയ മൊഴി. ഈ സാഹചര്യത്തിൽ അന്വേഷണ സമിതിയുടെ റിപ്പോർട്ട് സമർപ്പിച്ചാൽ പാർട്ടി നടപടി ഉണ്ടാകുമെന്ന് ഉറപ്പായിരിക്കുകയാണ്.