തിരുവനന്തപുരം: പതിവുതെറ്റിയില്ല, ഓണനാളുകളിൽ ബെവ്കോ ഔട്ട്ലെറ്റുകളിൽ നടന്നത് റെക്കോഡ് വില്പന. കോവിഡ് പ്രതിസന്ധി മൂലം പൊതുവെ വിപണി മന്ദഗതിയിലാണെങ്കിലും ഓണത്തിന് മദ്യവില്പന പൊടിപൊടിച്ചതായാണ് കണക്കുകൾ. ഓണനാളുകളിൽ 750 കോടിയുടെ മദ്യവില്പനയാണ് ബെവ്കോ ഔട്ട്ലെറ്റുകളിലൂടെ നടന്നത്.
ഏറ്റവും കൂടുതൽ വില്പന നടന്നത് ഉത്രാട ദിനത്തിലാണ്. 85 കോടിയുടെ വില്പനയാണ് അന്നുമാത്രം നടന്നത്. തിരുവോണ ദിവസം അവധിയായിരുന്നതിനാൽ തന്നെ ഉത്രാടദിനത്തിൽ ഔട്ട്ലെറ്റുകളിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്.
ഉത്രാടദിനത്തിൽ ഏറ്റവും കൂടുതൽ മദ്യവില്പന നടന്നത് തിരുവനന്തപുരം പവർഹൗസ് റോഡിലെ ബെവ്കോ ഔട്ട്ലെറ്റിലാണ്. ഇവിടെ 1,04,00,000 രൂപയുടെ മദ്യവില്പന നടന്നു. സമീപകാലത്തെ ഏറ്റവും വലിയ വില്പനയാണ് ഇത്. കൺസ്യൂമർഫെഡിൽ ഏറ്റവും കൂടുതൽ വില്പന നടന്നത് കുന്നംകുളത്തെ ഔട്ട്ലെറ്റിലാണ്.
ഓണത്തോടനുബന്ധിച്ച് മൂന്നുഷോപ്പുകളിൽ ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയിരുന്നു. തിരുവനന്തപുരത്തും എറണാകുളത്തും കോഴിക്കോടും. ഈ മൂന്നിടത്തും ഓൺലൈൻ വില്പന വിജയകരമായിരുന്നുവെന്നാണ് ബെവ്കോ വ്യക്തമാക്കുന്നത്.
Content Highlights:Kerala sets new record in liquor sale, earn 750 crore on Onam days