പാരിസ്
ലയണൽ മെസിയും നെയ്–മറും കളത്തിലിറങ്ങാഞ്ഞിട്ടും ഫ്രഞ്ച് ഫുട്ബോൾ ലീഗിൽ പിഎസ്ജി കുതിക്കുന്നു. ബ്രെസ്റ്റിനെ 4–2ന് വീഴ്ത്തി തുടർച്ചയായ മൂന്നാംജയം കുറിച്ചു. കിലിയൻ എംബാപ്പെ, ആന്ദ്രേ ഹെറേറിയ, ഇദ്രിസ ഗുയെ, ഏയ്ഞ്ചൽ ഡി മരിയ എന്നിവർ ഗോളടിച്ചു. ഫ്രാങ്ക് ഹൊണൊറാട്, സ്റ്റീവ് മൗണി എന്നിവരാണ് ബ്രെസ്റ്റിനായി മടക്കിയത്.
ഈ മാസമാദ്യം പിഎസ്ജിയിൽ ചേക്കേറിയ മെസിയുടെ അരങ്ങേറ്റം വെെകുകയാണ്. 30ന് റെയിംസിനെതിരായ കളിയിൽ അർജന്റീനക്കാരൻ ഉണ്ടായേക്കും. മെസിയെ കൂടാതെ പ്രതിരോധക്കാരൻ സെർജിയോ റാമോസ്, ഗോൾകീപ്പർ ജിയാൻല്യൂജി ദൊന്നരുമ എന്നിവരും ആദ്യമത്സരത്തിനായി കാത്തിരിക്കുകയാണ്. നെയ്–മറും ഈ സീസണിൽ ഇതുവരെ ഫ്രഞ്ച് ലീഗിൽ കളിച്ചിട്ടില്ല.