കൊച്ചി: കൊച്ചിയിൽനിന്ന് ലണ്ടനിലേക്ക് നേരിട്ട് എയർ ഇന്ത്യയുടെ വിമാന സർവ്വീസ്. ഓഗസ്റ്റ് 22 ഞായറാഴ്ച കൊച്ചിയിൽ നിന്ന് ലണ്ടനിലേക്കുള്ള ആദ്യ വിമാനം പറന്നുയരും. ആഴ്ചയിൽ മൂന്ന് ദിവസമായിരിക്കും വിമാന സർവ്വീസ്. ഇതോടെ യൂറോപ്പിലേക്ക് നേരിട്ട് വിമാന സർവ്വീസുള്ള സംസ്ഥാനത്തെ ഏക എയർപോർട്ടായി കൊച്ചി മാറും.
ബുധൻ, വെള്ളി, ശനി ദിവസങ്ങളിലാണ് കൊച്ചിയിൽ നിന്ന് ലണ്ടനിലേക്ക് വിമാന സർവ്വീസ് ഉണ്ടായിരിക്കുക. കൊച്ചി-ലണ്ടൻ വിമാനയാത്രയ്ക്ക് ഏകദേശം 10 മണിക്കൂർ ദൈർഘ്യമാണുള്ളത്.
കൊച്ചി എയർപോർട്ട് അതോറിറ്റിയുടെയും കേരള സർക്കാരിന്റെയും ശ്രമഫലമായാണ് യൂറോപ്പിലേക്ക് നേരിട്ട് വിമാന സർവ്വീസ് സാധ്യമാകുന്നത്.
യു.കെ. ഈ മാസം ആദ്യം ഇന്ത്യയെ റെഡ്ലിസ്റ്റിലുള്ള രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് ആമ്പർ ലിസ്റ്റിലേക്ക് മാറ്റിയിരുന്നു. ഇതേ തുടർന്ന് സഞ്ചാര വിലക്ക് നിങ്ങീയതോടെ ഓഗസ്റ്റ് 18ന് ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിൽ നിന്ന് കൊച്ചി വിമാനത്താവളത്തിലേക്ക് നേരിട്ടുള്ള സർവ്വീസ് ആരംഭിച്ചു. ഇതിന് മികച്ച പ്രതികരണം ലഭിച്ചതോടെയാണ് കൊച്ചിയിൽ നിന്ന് ലണ്ടനിലേക്ക് എയർ ഇന്ത്യ നേരിട്ട് വിമാന സർവ്വീസ് ആരംഭിക്കാൻ തീരുമാനം എടുക്കുന്നത്.
Content Highlights:Air India to operate Kochi-London direct flights