ബാംഗ്ലൂർ: ഇന്ത്യ-ശ്രീലങ്ക ടി20 പരമ്പരയിൽ തിളങ്ങിയ ലങ്കൻ സ്പിന്നർ വാനിന്ദു ഹസരംഗ ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ടീമിൽ. ഓസ്‌ട്രേലിയൻ സ്പിന്നർ ആദം സാമ്പക്ക് പകരക്കാരനായണ് ലോക രണ്ടാം നമ്പർ ടി20 ബോളറായ ഹസരംഗയെ ടീമിൽ എടുത്തത്.
ഓസ്‌ട്രേലിയൻ പേസ് ബോളർ ഡാനിയൽ സംസിന് പകരക്കാരനായി ശ്രീലങ്കയുടെ ദുഷ്മന്ത ചമീരയെയും ന്യൂസിലൻഡ് ബാറ്റ്സ്മാൻ ഫിൻ അല്ലന് പകരമായി ബിഗ് ബാഷിൽ തിളങ്ങിയ ടിം ഡേവിഡിനെയും ആർസിബി ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ആർസിബിയുടെ മുഖ്യ പരിശീലകനായിരുന്ന സൈമൺ കാറ്റിച്ച് വ്യക്തിപരമായ കാരണങ്ങളാൽ സ്ഥാനം ഒഴിഞ്ഞതായും ഫ്രാഞ്ചൈസി അറിയിച്ചു. ടീം ഡയറക്ടറായ മൈക് ഹെസ്സൺ മുഖ്യപരിശീലക സ്ഥാനവും ഏറ്റെടുക്കും.
ഐപിഎൽ മത്സരങ്ങൾക്കായി യുഎഇയിലേക്ക് പുറപ്പെടുന്നതിന് മുന്നോടിയായി ടീമിലെ ഇന്ത്യൻ താരങ്ങളും സപ്പോർട്ട് സ്റ്റാഫുകളും ഇന്ന് ബാംഗ്ലൂരിൽ എത്തി. ഏഴ് ദിവസത്തെ ക്വാറന്റൈന് ശേഷം ഓഗസ്റ്റ് 29 ഇവർ യുഎഇയിലേക്ക് തിരിക്കും. വിദേശ താരങ്ങളും അവിടെ വെച്ചാകും ടീമിനൊപ്പം ചേരുക. യുഎഇയിൽ എല്ലാ ടീമും ആറ് ദിവസത്തെ ക്വാറന്റൈൻ പൂർത്തിയാക്കണം.
Also read: ഐപിഎല്ലില്‍ പുതിയ കോവിഡ് നിയമങ്ങള്‍; സ്റ്റേഡിയത്തിന് പുറത്തോ ഗ്യാലറിയിലോ വീഴുന്ന പന്തുകള്‍ മാറ്റും
അതേസമയം, പഞ്ചാബ് കിങ്‌സ് കെയ്ൻ റിച്ചാർഡ്സന്റെയും റിലേ മെർഡിത്തിന്റെയും അഭാവത്തിൽ പകരക്കാരനായി ഓസ്‌ട്രേലിയൻ പേസർ നാഥാൻ എല്ലിസിനെ ടീമിൽ ഉൾപ്പെടുത്തി. ആദ്യ ടി20 മത്സരത്തിൽ തന്നെ ഹാട്രിക് നേടിയ താരമാണ് എല്ലിസ്. ബംഗ്ലാദേശിനെതിരെ ഈ അടുത്ത് നടന്ന പരമ്പരയിലാണ് താരം ഹാട്രിക്ക് നേടിയത്. ഓസ്‌ട്രേലിയയുടെ ടി20 ലോകകപ്പ് റിസർവ് ടീമിലെ അംഗം കൂടിയാണ് എല്ലിസ്.
The post ശ്രീലങ്കയുടെ വാനിന്ദു ഹസരംഗ ആർസിബിയിൽ, പരിശീലകസ്ഥാനം ഒഴിഞ്ഞ് സൈമൺ കാറ്റിച്ച് appeared first on Indian Express Malayalam.