കാബൂൾ> അഫ്ഗാനില്നിന്ന് രക്ഷതേടി കാബൂള് വിമാനത്താവളത്തിനും അമേരിക്കന് എംബസിക്കും മുന്നില് തമ്പടിച്ച് ആയിരങ്ങള്. സമ്പാദ്യമെല്ലാം ഉപേക്ഷിച്ചവര് ജീവനെങ്കിലും രക്ഷിക്കണമെന്ന ദയനീയ നിലവിളിയോടെ വിമാനങ്ങളില് കയറിപ്പറ്റാനുള്ള പരക്കംപാച്ചിലില്. സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാന് വിദേശപൗരൻമാര് എംബസികള്ക്ക് മുന്നില് കാത്തിരിക്കുന്നു. എന്നാല്, പാസ്പോർട്ട് പോലുമില്ലാതെയാണ് അഫ്ഗാന്‍ പൗരന്മാരില് അധികവും നാടുവിടാന് ശ്രമിക്കുന്നത്.
പാശ്ചാത്യശക്തികളോട് ബന്ധമുള്ള പൗരന്മാരെ തെരഞ്ഞുപിടിച്ച് വധിക്കാന് താലിബാന് നീക്കം തുടങ്ങിയതോടെ അമേരിക്കന് എംബസിക്ക് മുന്നില് തിരക്കും ബഹളവും ഏറി. ആറു ദിവസത്തിനിടെ കാബൂള് വിമാനത്താവള പരിസരത്തുമാത്രം 12 പേര് സംഘര്ഷത്തില് കൊല്ലപ്പെട്ടു. അമേരിക്കയ്ക്കും അഫ്ഗാൻ സർക്കാരിനുംവേണ്ടി പ്രവർത്തിച്ചവരെക്കുറിച്ച് അഫ്ഗാൻ രഹസ്യാന്വേഷണ ഏജൻസി ഡാറ്റാബാങ്കിൽനിന്ന് ലഭിച്ച വിവരങ്ങളുടെ സഹായത്തോടെ താലിബാൻ തെരച്ചിൽ നടത്തുകയാണ്. എത്രപേരെ പിടികൂടിയെന്ന് വ്യക്തമല്ല.
ഒഴിപ്പിക്കൽ വേഗത്തിലാക്കാൻ നാറ്റോ
കാബൂൾ താലിബാൻ പിടിച്ചെടുത്തശേഷം വെള്ളിയാഴ്ചവരെ 18,000 പേരെ രാജ്യത്തുനിന്ന് ഒഴിപ്പിച്ചെന്ന് നാറ്റോ. ഒഴിപ്പിക്കല് മന്ദഗതിയിലാണെന്ന വിമര്ശം ശക്തമായതോടെ നടപടി വേഗത്തിലാക്കുമെന്ന് നാറ്റോ പ്രതികരിച്ചു.
31ന് സൈനിക പിന്മാറ്റം പൂർത്തിയാകുന്നതിനുമുമ്പ് പരമാവധി ആളുകളെ ഒഴിപ്പിക്കാനാണ് അമേരിക്കന് നീക്കം. 14നുശേഷം 9000 പേരെയാണ് ഒഴിപ്പിച്ചത്. ഞായറാഴ്ച ആളുകളെ കുത്തിനിറച്ചുകയറ്റി പറന്നുയര്ന്ന യുഎസ് സൈനിക വിമാനത്തില് 823 പേരാണ് ഉണ്ടായിരുന്നതെന്ന് സ്ഥിരീകരിച്ചു.183 കുട്ടികളും ഇതില് ഉള്പ്പെടും. കാബൂള് വിമാനത്താവളത്തില് ഏകദേശം 58,000 അമേരിക്കന് പട്ടാളക്കാരാണ് ഉള്ളത്. ഒഴിപ്പിക്കല് നടപടികള്ക്ക് ചുക്കാന് പിടിക്കുന്നത് ഇവരാണ്. ആറുദിവസത്തിനിടെ ബ്രിട്ടന് 2400 പേരെ ഒഴിപ്പിച്ചു.
ഐക്യത്തിന് ആഹ്വാനം
അതിനിടെ, രാജ്യം പിടിച്ചെടുത്തതിനുശേഷമുള്ള ആദ്യ വെള്ളിയാഴ്ച പ്രാർഥനയിൽ ജനങ്ങളോട് ഐക്യത്തോടെയിരിക്കാൻ ആഹ്വാനം ചെയ്യണമെന്ന് താലിബാൻ ഇമാംമാർക്ക് നിർദേശം നൽകി.
മസ്ജിദുകളില് പ്രഭാഷണം നടത്തിയ ഇമാംമാര്ക്ക് തോക്കുകളുമായി താലിബാന്കാര് കാവല് നിന്നു. കിഴക്കൻ പട്ടണമായ അസാദാബാദിൽ പ്രതിഷേധിച്ച നിരവധിയാളുകളെ താലിബാൻ വെടിവച്ച് കൊന്നതായും റിപ്പോർട്ടുണ്ട്.