കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പുതിയ മാതൃക തീർത്ത് ജീവാമൃതം പദ്ധതി. സംസ്ഥാന സർക്കാരിന്റെ വാക്സിനേഷൻ ഡ്രൈവുകൾക്ക് പുറമേ 5000 പേർക്കാണ് ജീവാമൃതം പദ്ധതിയിലൂടെ വാക്സിൻ ലഭിച്ചത്.
സിനിമതാരം മമ്മൂട്ടിയാണ് സാധാരണകാർക്ക് സൗജന്യമായി വാക്സിൻ നൽകുന്ന പദ്ധതിയെ പറ്റി വലപ്പാട് സി.പി മുഹമ്മദ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സി.പി സാലിഹുമായി പങ്കുവെച്ചത്. സാമ്പത്തിക സഹായങ്ങൾക്ക് പുറമേ നീണ്ടു പോവുന്ന കോവിഡ് കാലത്തെ അതിജീവിക്കാൻ പൊതുജനങ്ങളെ സഹായിക്കുകയാണ് വേണ്ടത് എന്ന ചിന്തയായിരുന്നു പദ്ധതിക്ക് പിന്നിൽ. വലപ്പാട് സി.പി മുഹമ്മദ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റും, പത്മശ്രീ മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയർ & ഷെയർ ഫൗണ്ടേഷനും ചേർന്ന് പദ്ധതി വിഭാനം ചെയ്ത് നടപ്പിലാക്കുകയായിരുന്നു.
പദ്ധതിയുടെ ഒന്നാം ഘട്ടത്തിന്റെ സമാപന സമ്മേളനം എം.വി ശ്രേയാംസ് കുമാർ എം.പി ഉദ്ഘാടനം ചെയ്തു. കോവിഡ് കാലത്തെ അതിജീവിക്കാൻ സാധാരണക്കാരെ സഹായിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ സമൂഹത്തിനാകെ മാതൃകയാണെന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് എം.വി ശ്രേയാംസ് കുമാർ എം.പി പറഞ്ഞു. സ്വന്തം സമ്പാദ്യം ഉപയോഗിച്ച് കഷ്ടപ്പെടുന്നവർക്ക് സഹായം നൽകാൻ മനസു കാണിക്കുന്നവരാണ് യഥാർത്ഥ സോഷ്യലിസ്റ്റുകളെന്നും അദ്ദേഹം പറഞ്ഞു. ട്രസ്റ്റ് ചെയർമാൻ സി.പി സാലിഹ് അദ്ധ്യക്ഷത വഹിച്ചു.
സിനിമതാരം സുരേഷ് കൃഷ്ണ മുഖ്യാതിഥിയായിരുന്നു. വലപ്പാട്, എടത്തിരുത്തി, കയ്പ്പമംഗലം, പെരിഞ്ഞനം, മതിലകം, ടചപുരം, എടവിലങ്ങ്, എറിയാട്, തുടങ്ങിയ പഞ്ചായത്ത് പരിധികളിലും, കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി പരിധിയിലും ഉള്ള അയ്യായിരം പേർക്കാണ് പദ്ധതിയിലൂടെ പത്ത് ദിവസം കൊണ്ട് കോവിഷീൾഡ് വാക്സിൻ നൽകിയത്. ശനിയാഴ്ച എറണാകുളം ആലുവയിലും തിങ്കളാഴ്ച എങ്ങണ്ടിയൂരിലും വാക്സിനേഷൻ ക്യാമ്പ് നടക്കും. സാമ്പത്തിക പ്രയാസം അനുഭവക്കുന്ന വിദ്യാർത്ഥികൾക്കും, ഡ്രൈവർമാർക്കും, കച്ചവട സ്ഥാപനങ്ങളിലും മറ്റും തൊഴിൽ ചെയ്യുന്നവർക്കും ഉൾപ്പെടെയുള്ളവർക്ക് പ്രഥമ പരിഗണന്ന നൽകിയാണ് വാക്സിൻ ക്യാമ്പ് സംഘടിപ്പിച്ചത്. ദയ ജനറൽ ആശുപത്രി ഡയറക്ടർ അബ്ദുൾ ജബ്ബാർ, ഡോ. ഷൈൻ ജർമനി, സി.പി ട്രസ്റ്റ് അംഗം രഹ്ന സാലിഹ് തുടങ്ങിയവർ സംസാരിച്ചു.