കൊച്ചി > ഒളിമ്പിക്സ് മെഡൽ നേട്ടം ഇന്ത്യക്ക് സമ്മാനിച്ച് മലയാളത്തിന്റെ അഭിമാനമായ ഹോക്കി താരത്തിന് ഓണസമ്മാനവുമായി മന്ത്രി പി രാജീവ്. ഉത്രാടനാളിൽ ഒളിമ്പ്യൻ പി ആർ ശ്രീജേഷിന്റെ കിഴക്കമ്പലത്തെ വീട്ടിലെത്തിയ മന്ത്രി ഓണസമ്മാനം കൈമാറി.
ഹാൻഡി ക്രാഫ്റ്റ്സ് ഡെവലപ്മെന്റ് കോർപറേഷന്റെ കോടിമുണ്ടും കഥകളിരൂപവുമാണ് മന്ത്രി സമ്മാനമായി നൽകിയത്. തന്റെ കൈയൊപ്പോടുകൂടിയ ഹോക്കി സ്റ്റിക്ക് സമ്മാനമായി നൽകിയാണ് മന്ത്രിയെ ശ്രീജേഷ് സ്വീകരിച്ചത്. മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും ഓണാശംസകൾ മന്ത്രി ശ്രീജേഷിനെയും കുടുംബത്തെയും അറിയിച്ചു.
സ്പോർട്സിൽ മികവുപുലർത്തുന്നവർക്ക് സർക്കാർ സർവീസിൽ ജോലി നൽകുമ്പോൾ അവരെ കായികമേഖലയുടെ പ്രോത്സാഹനത്തിന് വിനിയോഗിക്കണമെന്ന് ശ്രീജേഷ് പറഞ്ഞു. സ്പോർട്സ്, ട്രെയിനിങ് സ്കൂളുകൾപോലുള്ള സ്ഥാപനങ്ങളിൽ ഇവരുടെ സേവനം പ്രയോജനപ്പെടുത്തണം. ഇക്കാര്യം കായികമന്ത്രിയുടെയും സർക്കാരിന്റെയും ശ്രദ്ധയിൽപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. മഹാരാജാസ് കോളേജ് ഗ്രൗണ്ടിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിനും നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
തനിക്ക് ലഭിച്ച ഏറ്റവും വലിയ ഓണസമ്മാനമാണിതെന്ന് ശ്രീജേഷ് പറഞ്ഞു. വലിയ അഭിമാനമാണ് മന്ത്രി വീട്ടിലെത്തിയപ്പോഴും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിനുമുമ്പ് തന്നെ വിളിച്ചപ്പോഴും തോന്നിയതെന്നും ശ്രീജേഷ് പറഞ്ഞു. പി വി ശ്രീനിജിൻ എംഎൽഎയ്ക്കും ശ്രീജേഷ് ഹോക്കി സ്റ്റിക്ക് സമ്മാനമായി നൽകി.
സിപിഐ എം ഏരിയ സെക്രട്ടറി സി കെ വർഗീസ്, ലോക്കൽ സെക്രട്ടറി എൻ എം അബ്ദുൾ കരിം, ലോക്കൽ കമ്മിറ്റി അംഗം എൻ വി വാസു, പഞ്ചായത്ത് അംഗം നിസാർ ഇബ്രാഹിം എന്നിവരും ശ്രീജേഷിന്റെ വീട്ടിലുണ്ടായിരുന്നു.