തിരുവനന്തപുരം
കേരളത്തിൽ അന്യംനിന്നുപോകുന്ന 53 കലാരൂപം ലോകമെമ്പാടുമുള്ള മലയാളികൾക്ക് കാണാൻ അവസരമൊരുക്കി വിനോദസഞ്ചാര വകുപ്പ്. വെർച്വൽ ഓണാഘോഷങ്ങളുടെ ഭാഗമായി 14 ജില്ലയിൽനിന്നുള്ള 53 കലാരൂപത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് തയ്യാറായത്. ടിവി ചാനലുകളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും ഇത് സംപ്രേഷണംചെയ്യും.
കോവിഡിൽ കഷ്ടപ്പെടുന്ന കലാകാരന്മാരെ സഹായിക്കുന്നതിനൊപ്പം കലാരൂപങ്ങളെ ലോകത്തിനുമുന്നിൽ അവതരിപ്പിക്കുകയുമാണ് ഉദ്യമത്തിന്റെ ലക്ഷ്യമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. 25–-30 മിനിറ്റ് ദൈർഘ്യമുള്ളവയാണ് വീഡിയോകൾ. തിങ്കളാഴ്ചവരെ ചാനലുകളിൽ വിവിധ സമയങ്ങളിൽ സംപ്രേഷണംചെയ്യും. വിനോദസഞ്ചാര വകുപ്പിന്റെ യുട്യൂബ് ചാനലിലൂടെയും സമൂഹമാധ്യമ പേജുകളിലൂടെയും കലാരൂപങ്ങൾ കാണാം.
കലാരൂപങ്ങൾ
തിരുവനന്തപുരം: വിൽപ്പാട്ട്, നങ്ങ്യാർകൂത്ത്, കാക്കാരിശ്ശി നാടകം.
കൊല്ലം: പൂവട തുള്ളൽ, പാക്കനാർ തുള്ളൽ.
പത്തനംതിട്ട: മുള സംഗീതം, ഓതറ പടയണി.
ആലപ്പുഴ: കളമെഴുത്തും പാട്ടും, വേലക്കളി, കോലടിപ്പാട്ട്, ഗരുഡൻ തൂക്കം. കോട്ടയം: നാടൻ പാട്ട്, അർജുന നൃത്തം. മാർഗംകളി, ഭദ്രകാളി തീയാട്ട്, ഗരുഡൻ തൂക്കം.
ഇടുക്കി: ആദിവാസി നൃത്തം, ആരണ്യം മാന്നൻ കൂത്ത്.
എറണാകുളം: അയ്യപ്പൻ തീയാട്ട്, സോപാനസംഗീതം, കുടുക്ക വീണ, ചവിട്ടുനാടകം.
തൃശൂർ: ചാക്യാർ കൂത്ത്, ശീതങ്കൻ തുള്ളൽ, ഓട്ടൻ തുള്ളൽ, പാവകഥകളി, കോലംകളി.
പാലക്കാട്: തോൽപ്പാവക്കൂത്ത്, തിറയും പൂതനും, കന്യർക്കളി, തിറകളി, ആദിവാസി അനുഷ്ഠാന കല, ചവിട്ടക്കളി.
മലപ്പുറം: മാപ്പിള കലാസമിതിയുടെ പരിപാടി.
കോഴിക്കോട്: അറബനമുട്ട്, കാപ്പാട് കോൽക്കളി, ദഫ്മുട്ട്, ഒപ്പന, തോറ്റം പാട്ട്, തെയ്യം.
വയനാട്: ഗദ്ദിക, കൊരമ്പക്കളി, വട്ടമുടിയാട്ടം, നാടൻപാട്ട്.
കണ്ണൂർ: കോൽക്കളി, ചിനക്കളി, കോതമൂരിയാട്ടം, തിറയാട്ടം.
കാസർകോട്: എരുതുകളി, പൂരക്കളി, അലാമിക്കളി, യക്ഷഗാനം, യക്ഷഗാനം ബൊമ്മയാട്ടം.