തിരുവനന്തപുരം
ഓൺലൈനിലും ഓഫ് ലൈനിലും വൈറലായി മലയാളികളുടെ ‘ഓണോ’ത്സവം. കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞവർഷത്തേക്കാൾ വിപുലമാണ് ഇക്കുറി ഓണത്തിലെ ‘ഓൺലൈൻ’ സാന്നിധ്യം. സോഷ്യൽമീഡിയ ഉൾപ്പെടെ ആഘോഷത്തിന്റെ സർവമേഖലയിലും ഡിജിറ്റൽ ലോകം സജീവമായി. ‘ആമസോൺ’പോലും ‘ഓണക്കട’ തുടങ്ങി മലയാളിയായി. മറ്റനവധി വ്യാപാരപോർട്ടലുകളും ഓണം ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഗ്രാമഗ്രാമാന്തരങ്ങളിലും ‘ഡെലിവറി’ വാഹനങ്ങൾ ചീറിപ്പായുന്നു. പരമാവധി അകത്തിരിക്കാൻ താൽപ്പര്യപ്പെടുന്ന വേളയിൽ ഓൺലൈൻ വ്യാപാര രംഗം കുതിച്ചുചാട്ടമുണ്ടാക്കി.
ഓണക്കാലത്തിന്റെ മഹിമ കുറയാതിരിക്കാൻ സംസ്ഥാന സർക്കാർ നേരത്തേതന്നെ ക്ഷേമപെൻഷനുകൾ വീടുകളിലെത്തിച്ചു. ഒരു പെൻഷനുമില്ലാത്ത വീടുകളിലും 1000 രൂപ നൽകി. നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി മാനദണ്ഡങ്ങൾ പാലിച്ച് കടകൾ തുറക്കാനും തീരുമാനിച്ചു. ഇതോടെ വ്യാപാരമേഖല കൂടുതൽ ഉണർന്നു. ഓണസദ്യയുടെ മേളമാണ് ഓൺലൈനിൽ. സാധാരണ ഹോട്ടലുകളിൽ 250 രൂപയ്ക്ക് ഓണസദ്യ ബുക്ക് ചെയ്യാമെങ്കിൽ നക്ഷത്രഹോട്ടലുകളിൽ 1000 രൂപമുതൽ മേൽപോട്ടാണ്. വിപുലമായ ഓൺലൈൻ വ്യാപാര സൗകര്യമൊരുക്കി കുടുംബശ്രീയും ഓണക്കച്ചവടത്തിൽ മുന്നിലുണ്ട്. ആയിരത്തോളം കേന്ദ്രത്തിൽനിന്ന് നാടിന്റെ ഏത് ഭാഗത്തേക്കും സാധനങ്ങളെത്തിക്കാനുള്ള സൗകര്യമാണ് കുടുംബശ്രീ ഒരുക്കിയത്.
പല വ്യാപാരികളും ഓൺലൈനിൽ പൂക്കളെത്തിക്കാനുള്ള സൗകര്യവും ഒരുക്കി. ഒട്ടേറെ സംഘടന ഓൺലൈൻ പൂക്കളമത്സരമൊരുക്കിയിട്ടുണ്ട്. ഓണോത്സവ പ്രതീതി പരത്തി ‘പുലികളി’യും ‘കടുവകളി’യും ഓൺലൈനിൽ കൊണ്ടാടുകയാണ്. ലോകപ്രശസ്തമായ തൃശൂർ പുലികളി ലോകമെമ്പാടുമെത്തിച്ചാണ് ഫെയ്സ്ബുക് ഇക്കുറി ഓണത്തിന് മാറ്റുകൂട്ടിയത്.
പുലികളി വിഷയമായ ഹ്രസ്വചിത്രം ഫെയ്സ്ബുക് അവതരിപ്പിക്കുന്നു. ഓണാവധി ലക്ഷ്യമിട്ട് ഒടിടി പ്ലാറ്റ്ഫോമിലിറങ്ങിയ ഇന്ദ്രൻസിന്റെ ‘ഹോം’ സിനിമയ്ക്ക് റെക്കോഡ് കാഴ്ചക്കാരെന്നും വാർത്തയുണ്ട്.