കോഴിക്കോട്
പാർടിയെ നയിക്കുന്ന പാണക്കാട് കുടുംബത്തിൽനിന്ന് തുടങ്ങി വിദ്യാർഥി സംഘടനയിൽവരെ എതിർപ്പും വിമതശബ്ദവും ശക്തമായതോടെ ലീഗ് എത്തിനിൽക്കുന്നത് മുമ്പില്ലാത്ത പ്രതിസന്ധിയിൽ. സ്ത്രീത്വത്തെ അപമാനിച്ചിട്ടും നേതൃത്വത്തിൽനിന്ന് സംരക്ഷണം കിട്ടുന്നില്ലെന്ന് നിലവിളിക്കുകയാണ് ലീഗിലെ പെൺകുട്ടികൾ. നീതിതേടി വനിതാകമീഷനെ സമീപിക്കുന്നവരെ നേതൃത്വം വിലക്കുന്ന അവസ്ഥ. മുഖപത്രമായ ചന്ദ്രികയിലാകട്ടെ അഴിമതിയും വെട്ടിപ്പുമാണെന്ന് നേതാക്കളും ജീവനക്കാരും തുറന്നുപറയുന്നു. പാണക്കാട് കുടുംബത്തിലെ നേതാവിനെതിരെയടക്കം രൂക്ഷവിമർശമുയരുന്നു. സമീപകാലത്തൊന്നുമില്ലാത്തവിധം അനുദിനം കലുഷിതമാവുകയാണ് ലീഗ് രാഷ്ട്രീയം.
ചർച്ച അനുവദിച്ചില്ല; 28ന് വീണ്ടും ഉപസമിതി
പ്രതിസന്ധി രൂക്ഷമാകുമ്പോഴും ചർച്ചക്കും പരിഹാരത്തിനും മടിക്കുകയാണ് ലീഗ് നേതൃത്വം. ബുധനാഴ്ച ചേർന്ന ഉപസമിതി യോഗത്തിൽ ചർച്ച അനുവദിക്കാതിരുന്നത് ഇതിന്റെ ഭാഗം. തോൽവി ചർച്ചചെയ്യാനും പ്രവർത്തകസമിതിയുടെ അജൻഡ നിശ്ചയിക്കാനുമായി 28ന് കോഴിക്കോട്ട് വീണ്ടും യോഗംചേരും. അതേസമയം, യോഗത്തിന് തൊട്ടുമുമ്പും സംസ്ഥാന ജനറൽ സെക്രട്ടറിയുടെ ചുമതലയുള്ള പി എം എ സലാം എംഎസ്എഫിലെ വിദ്യാർഥിനി വിഭാഗമായ ഹരിതയെ വിലക്കിയതിനെ ന്യായീകരിച്ചു. പി കെ കുഞ്ഞാലിക്കുട്ടിയുടെ താൽപ്പര്യപ്രകാരമാണ് സലാമിന്റെ ഇടപെടൽ. ജൂലൈ 31ന് ചേർന്ന ഭാരവാഹിയോഗത്തിൽ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിനെതിരെ കടുത്ത വിമർശം ഉയർന്നതോടെയാണ് ലീഗിൽ പുതിയ ചലനങ്ങൾ സജീവമായത്.
വിമർശവുമായി
യൂത്ത്ലീഗ് നേതാവ്
ഹരിതയെ വിലക്കുന്ന മുസ്ലിംലീഗ് തീരുമാനത്തിൽ പ്രതിഷേധവുമായി യൂത്ത്ലീഗ് ദേശീയ സമിതി അംഗം രംഗത്ത്. ദേശീയ സമിതി അംഗം നിസാർ ചേലേരിയാണ് നേതൃത്വത്തെ നിശിതമായി വിമർശിച്ചത്. ലിംഗനീതി ഉറപ്പാക്കുക പോലുള്ള അജൻഡകളോട് മുഖംതിരിക്കുന്ന സമീപനവുമായി ഒരു രാഷ്ട്രീയ പാർടിക്കും മുന്നോട്ട് പോകാനാവില്ലെന്ന് നിസാർ ഫെയ്സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. പരാതികളും വിമർശനങ്ങളും യഥാസമയം കേൾക്കാതെ പോകുന്നതാണ് പലപ്പോഴും പാർടിയെ പ്രതിസന്ധിയിലാക്കുന്നതെന്നും ലീഗ് അധ്യാപക സംഘടന കെഎച്ച്എസ്ടിയു സംസ്ഥാന സെക്രട്ടറി കൂടിയായ നിസാർ പറഞ്ഞു.
വനിതാ ഉദ്യോഗസ്ഥ
അന്വേഷിക്കും
എംഎസ്എഫ് നേതൃത്വത്തിനെതിരെ ‘ഹരിത’ പ്രവർത്തകർ നൽകിയ പരാതി വനിതാ പൊലീസ് ഉദ്യോഗസ്ഥ അന്വേഷിക്കും. ചെമ്മങ്ങാട് ഇൻസ്പെക്ടർ അനിതാകുമാരിക്കാണ് ചുമതല. പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തി. നേതാക്കൾ സ്ത്രീവിരുദ്ധ പരാമർശം നടത്തി എന്നതാണ് പ്രധാന പരാതി. കേസെടുത്ത വെള്ളയിൽ സ്റ്റേഷനിൽ വനിതാ ഇൻസ്പെക്ടർ ഇല്ലാത്തതിനാലാണ് ചെമ്മങ്ങാട് സ്റ്റേഷനിലേക്ക് കൈമാറിയത്.
ജൂൺ 22ന് കോഴിക്കോട്ട് ചേർന്ന എംഎസ്എഫ് സംസ്ഥാന കമ്മിറ്റി യോഗത്തിൽ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് മോശമായി സംസാരിച്ചുവെന്നും മലപ്പുറം ജില്ലാ സെക്രട്ടറി വി അബ്ദുൾ വഹാബ് ഫോണിൽ അശ്ലീലം പറഞ്ഞുവെന്നുമാണ് വനിതാ കമീഷന് നൽകിയ പരാതി.