തിരുവനന്തപുരം
ഡിസിസി പട്ടികയിൽ നൽകിയതിൽനിന്ന് ഒരു മാറ്റത്തിനും ഒരുക്കമല്ലെന്ന് വി ഡി സതീശനും കെ സുധാകരനും വാശിപിടിച്ചതോടെ കോൺഗ്രസിൽ അസ്വസ്ഥത കനക്കുന്നു. ഉമ്മൻചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും എതിർപ്പ് സംബന്ധിച്ച് സോണിയ ഗാന്ധി റിപ്പോർട്ട് തേടി. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ ചെന്നിത്തലയെയും ഉമ്മൻചാണ്ടിയെയും വിളിച്ചു സംസാരിക്കുകയും ചെയ്തു. പട്ടികയിൽ മാറ്റംവരുത്താനാകില്ലെന്നുതന്നെയാണ് എഐസിസി നിലപാടെന്ന് അറിയുന്നു.
എ, ഐ ഗ്രൂപ്പുകളുടെ താളത്തിന് തുള്ളരുതെന്നും സതീശനും സുധാകരനും ഹൈക്കമാൻഡിന് മുന്നറിയിപ്പ് നൽകി. തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയെ തുടർന്നാണ് കോൺഗ്രസിൽ അഴിച്ചുപണിക്ക് ആലോചന തുടങ്ങിയത്. 14 ഡിസിസി പ്രസിഡന്റുമാരെയും മാറ്റാനായിരുന്നു തീരുമാനം. എ, ഐ ഗ്രൂപ്പുകളെ പ്രതിനിധാനംചെയ്ത് ഉമ്മൻചാണ്ടിയും ചെന്നിത്തലയും പട്ടിക കൈമാറി. കരട് പട്ടികയുമായി സുധാകരനും സതീശനും ഡൽഹിയിലെത്തിയതോടെ കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു. വർക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷ്, പി ടി തോമസ്, ടി സിദ്ദിഖ് എന്നിവർക്കൊപ്പം വി ഡി സതീശനും കെ സുധാകരനും ചേർന്ന് തയ്യാറാക്കിയ പുതിയ പട്ടികയാണ് ഹൈക്കമാൻഡിന് കൈമാറിയത്. കെ സി വേണുഗോപാലിന്റെ ഇടപെടലും നിർണായകമായി. ഇവർക്കൊപ്പം കെ മുരളീധരനുംകൂടി ചേർന്ന് പദവി വീതംവച്ചൂവെന്നാണ് പരാതി. തിരുവനന്തപുരത്ത് ശശി തരൂർ നിർദേശിച്ച ജി എസ് ബാബുവും കൊല്ലത്ത് കൊടിക്കുന്നിലിന്റെ വിശ്വസ്തനായ രാജേന്ദ്രപ്രസാദും പട്ടികയിൽ കടന്നുകൂടി. കെ മുരളീധരന്റെ നോമിനിയാണ് കോഴിക്കോട്ടുള്ളത്. പുതിയ ഡിസിസി പ്രസിഡന്റുമാരെ നിയമിക്കാൻ ഹൈക്കമാൻഡ് നിർദേശിച്ച തീയതിയൊക്കെ കഴിഞ്ഞിട്ടും അനിശ്ചിതത്വം നീളുകയാണ്.