തിരുവനന്തപുരം
പുതിയ കമ്പനികളുടെ വരവിനൊപ്പം ടെക്നോപാർക്കിലെ അന്തരാഷ്ട്ര സ്ഥാപനങ്ങൾ അവരുടെ പ്രവർത്തനമേഖല വികസിപ്പിക്കുന്നു. ഐബിഎം, എൺസ്റ്റ് ആൻഡ് യങ്, അജിലൈറ്റ് തുടങ്ങി വമ്പൻ ഐടി കമ്പനികളാണ് പുതുതായി എത്തിയത്. ബഹുരാഷ്ട്ര സോഫ്റ്റ്വെയർ ടെസ്റ്റിങ് കമ്പനിയായ ടെസ്റ്റ്ഹൗസാണ് ഇവിടെ ഓഫീസ് സ്ഥലം വർധിപ്പിച്ചത്. യുകെ ആസ്ഥാനമായ കമ്പനി 12,000 ചതുരശ്ര അടിയാണ് അധികമായി സ്വന്തമാക്കിയത്. ഇതോടെ ഫെയ്സ് ഒന്നിൽ കമ്പനിയുടെ ഓഫീസ് ഇടം 24,000 ചതുരശ്ര അടിയായി. പ്രവർത്തനം വിപുലീകരിക്കുന്നതിനായി ഓഫീസ് ഇടം ഇരട്ടിപ്പിച്ച് കൂടുതൽ പേർക്ക് ജോലി നൽകുകയാണ് ലക്ഷ്യമെന്ന് ടെസ്റ്റ്ഹൗസ് ഏഷ്യാപസഫിക്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക സിഇഒ രാജേഷ് നാരായൺ പറഞ്ഞു. 500 പേർക്കുകൂടി തൊഴിൽ ലഭിക്കും. ടെക്നോപാർക്കിൽ 460 കമ്പനിയും 63,000 ജീവനക്കാരും നിലവിലുണ്ട്. പുതിയ ക്രിസിൽ റേറ്റിങ്ങിൽ എ പ്ലസ് സ്റ്റേബിൾ നേടിയാണ് സ്ഥാപനം മുന്നേറുന്നത്.