സാറിന്റെ മരണവാർത്ത അറിഞ്ഞ്, വീട്ടിലേക്കുള്ള വഴിയിൽ ഞാൻ ആലോചിക്കുകയായിരുന്നു–- ‘ആരായിരുന്നു എനിക്ക് നമ്പ്യാർ സാർ’. ഒറ്റവാക്കിൽ ഉത്തരമില്ല. വെറുമൊരു കോച്ചാണോ? അല്ല. ഗുരു, പരിശീലകൻ, രക്ഷിതാവ്, പിതൃതുല്യൻ…
സാർ കാണുമ്പോൾ ഞാനൊരു കുട്ടിയായിരുന്നു. 13 വയസ്സ്. കണ്ണൂർ സ്പോർട്സ് സ്കൂളിൽ ചേർന്ന കാലം. ആ ബന്ധം അവസാനകാലംവരെ തുടർന്നു. നീരജ് ചോപ്ര ഒളിമ്പിക്സ് മെഡൽ നേടിയതിന്റെ പിറ്റേദിവസം സാറിനെ കാണാൻ പോയിരുന്നു. കുറച്ചുകാലമായി സാർ കിടപ്പിലാണ്. പഴയ ഓർമകൾ ഒന്നുമില്ല. എന്നാലും ഞാൻ പറഞ്ഞു ‘സാർ നമ്മൾ മോഹിച്ച മെഡൽ വന്നു. നീരജ് ചോപ്രയെന്ന ചെറുപ്പക്കാരൻ സ്വർണം കൊണ്ടുവന്നു’. സാർ എന്റെ മുഖത്തേക്ക് നോക്കി. ഞാൻ വീണ്ടും പറഞ്ഞു, അദ്ദേഹത്തിന് അതു മനസ്സിലായോ എന്നറിയില്ല.
വലിയ ആഗ്രഹമായിരുന്നു ഒളിമ്പിക്സ് മെഡൽ. 1984ലെ മെഡൽനഷ്ടത്തെക്കുറിച്ച് ഞങ്ങളെത്രയോ പറഞ്ഞ് കരഞ്ഞിട്ടുണ്ട്. ലോസ് ഏഞ്ചൽസ് സ്റ്റേഡിയത്തിലെ നഷ്ടം, അതെത്ര പറഞ്ഞാലും തീരില്ല; എനിക്കും അദ്ദേഹത്തിനും.
കുട്ടിയായ പയ്യോളിക്കാരി ഉഷ ലോകമറിയുന്ന അത്ലീറ്റായത് സാറുള്ളതുകൊണ്ടായിരുന്നു. എന്നെ വളർത്തി, സംരക്ഷിച്ചു, രാജ്യത്തെ ഏറ്റവും മികച്ച കായികതാരമാക്കി. എന്റെ എല്ലാ വഴികളിലും അദ്ദേഹമുണ്ടായിരുന്നു. എല്ലാ മെഡലുകളിലും അദ്ദേഹത്തിന്റെ കൈയൊപ്പുണ്ടായിരുന്നു.
ഒരു ലക്ഷ്യത്തിനുവേണ്ടിയുള്ള ആത്മസമർപ്പണമായിരുന്നു മുഖമുദ്ര. അച്ചടക്കത്തിൽ ഒരു വിട്ടുവീഴ്ചയും ഇല്ല. സ്നേഹവും കരുതലും ആവോളം തരും. വിജയത്തിലും തോൽവിയിലും ഒപ്പംനിൽക്കും. അങ്ങനെയൊരു കൂട്ടുകെട്ട് എത്രയെത്ര വിജയങ്ങൾ കണ്ടു. എന്റെ വീട്ടിലെ ചില്ലുകൂട്ടിൽ തിളങ്ങുന്ന മെഡലുകൾ നമ്പ്യാർ സാറിന് അവകാശപ്പെട്ടതാണ്. ഇനി അതെല്ലാം കാണുമ്പോൾ പഴയ ഓർമകൾ തള്ളിവരും. എന്റെ ജീവിതകാലം മുഴുവനും നമ്പ്യാർ സാറും ലോസ് ഏഞ്ചൽസും മായാതെനിൽക്കും. –