‘ആ നഷ്ടബോധം എന്റെ ചിതയിലെ അവസാനിക്കു’ –
ഒളിമ്പിക്സിലെ പി ടി ഉഷയുടെ മെഡൽനഷ്ടത്തിന്റെ വേദന അത്രയും ആഴത്തിലുണ്ടായിരുന്നു ഒ എം നമ്പ്യാർക്ക്. ആ വാക്കുകളിൽ നിറഞ്ഞ ദുഃഖം മാഞ്ഞിരുന്നില്ല ഒരിക്കലും. എന്നാൽ നഷ്ടത്തിന് അപ്പുറത്ത് ഇന്ത്യൻ അത്-ലറ്റിക്സിന് നൽകിയ വലിയൊരു കുതിപ്പായിരുന്നു നമ്പ്യാരുടെ പ്രിയശിഷ്യയുടെ ഓട്ടം. 1984 ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിൽ 400 മീറ്റർ ഹർഡിൽസിൽ സെക്കൻഡിന്റെ നൂറിലൊരു അംശത്തിന് മെഡൽ നഷ്ടമായെങ്കിലും അന്ന് കിട്ടിയ നാലാംസ്ഥാനത്തിന് മെഡലോളം മൂല്യമുണ്ടായിരുന്നു.. ഒ എം നമ്പ്യാർ എന്ന പരിശീലകന്റെ ഏറ്റവും വലിയ നേട്ടമായി അത്. വലിയ വേദനയും.
മികച്ച സമയത്തോടെയാണ് ഉഷ ഒളിമ്പിക്സ് ഫൈനലിൽ കടന്നത്. സ്വർണം നേടുമെന്നായിരുന്നു പ്രതീക്ഷകൾ.. ഫൈനലിൽ വെടിയൊച്ച മുഴങ്ങിയപ്പോൾത്തന്നെ ഉഷ കുതിച്ചു. മികച്ച സ്റ്റാർട്ട്. എന്നാൽ ഫൗൾ വിസിൽ മുഴങ്ങി. ഓസ്ട്രേലിയൻ താരം ഫൗൾ സ്റ്റാർട്ട്. വീണ്ടും മത്സരം നടത്തിയപ്പോൾ ഉഷയ്ക്ക് മികച്ച സ്റ്റാർട്ടിങ് കിട്ടിയില്ല. എങ്കിലും മത്സരം കഴിഞ്ഞപ്പോൾ വെങ്കലം ഉറപ്പിച്ചു. പക്ഷേ, ഔദ്യോഗിക ഫലപ്രഖ്യാപനം വന്നപ്പോൾ ഉഷ നാലാമത്. ഇരുവരും കരഞ്ഞു. രാജ്യത്തിന്റെകൂടി വേദനയായി അത്. 1985ൽ രാജ്യത്ത് ആദ്യമായി ദ്രോണാചാര്യ പുരസ്കാരം നൽകുമ്പോൾ അതിന് തെരഞ്ഞെടുക്കപ്പെട്ട പരിശീലകൻ നമ്പ്യാരായിരുന്നു. 2021ൽ രാജ്യം പത്മശ്രീ നൽകിയും ആദരിച്ചു.
മെഡൽ ഒരുക്കാൻ പരിശീലകനായി
സ്കൂൾ, കോളേജ് പഠനകാലത്ത് കായികതാരമായിരുന്നു. 15 വർഷം എയർഫോഴ്സിൽ. അവിടെയും കായികതാരം. എന്നാൽ രാജ്യം അറിയുന്ന കായികതാരമായി മാറാനാകത്ത നിരാശയിൽ പരിശീലകനാകാൻ തീരുമാനിച്ചു. 1968ൽ പട്യാലയിൽനിന്നു എൻഐഎസ് പരീശീലന കോഴ്സ് പൂർത്തിയാക്കി. 1970ൽ കേരള സ്പോർട്സ് കൗൺസിലിൽ. 1976ൽ കണ്ണൂർ സ്പോർട്സ് ഡിവിഷനിൽ എത്തിയതോടെ അന്ന് അവിടത്തെ വിദ്യാർഥിനിയായ പി ടി ഉഷയുടെ പരിശീലകനായി. പിന്നീട് ഉഷയുടെ വ്യക്തിഗത പരിശീലകനായി. അനേകം രാജ്യാന്തര മെഡലുകൾ ഈ കൂട്ടുകെട്ട് രാജ്യത്തിന് സമ്മാനിച്ചു.. 1990ൽ ബീജിങ് ഏഷ്യാഡിൽ ഉഷ ആദ്യം വിരമിക്കുന്നതുവരെ കൂടെ നമ്പ്യാരുണ്ടായിരുന്നു. രണ്ടാംവരവിൽ ഒപ്പമുണ്ടായിരുന്നില്ല.
നാട്ടുകാരുടെ നമ്പാൾ
കൃഷിയിലും സജീവമായിരുന്നു. അയൽക്കാർക്ക് അദ്ദേഹം നമ്പാൾ ആയിരുന്നു. എല്ലാവരെയും സഹായിക്കുന്ന പ്രിയപ്പെട്ട നമ്പാൾ. ഏഴ് നിർധനകുടുംബങ്ങൾക്ക് ഭൂമി പതിച്ചു നൽകി. കളിസ്ഥലം നിർമിക്കാൻ സ്ഥലമൊരുക്കി. കഴിഞ്ഞ ഏതാനും വർഷങ്ങളായി പാർക്കിൻസൺസ് രോഗാവസ്ഥയിലായിരുന്നു.
‘1984
അത്ഭുതം’
ഒളിമ്പിക്സിൽ ചരിത്രത്തിലാദ്യമായി ഇന്ത്യ അത്ലറ്റിക്സിൽ മെഡൽ നേടുന്നത് നീരജ് ചോപ്രയിലൂടെയാണ്. പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിലാണ് സ്വർണനേട്ടം സാധ്യമായത്. ജാവ്ലിൻ ത്രോയിലെ വിദേശപരിശീലനം നീരജിന് തുണയായി. മുമ്പ് രണ്ടുതവണയാണ് ഇന്ത്യ മെഡലിന് അരികെയെത്തിയത്. 1984ൽ പി ടി ഉഷയും 1960ൽ മിൽഖ സിങ്ങും.
ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിൽ 400 മീറ്റർ ഹർഡിൽസിലെ മെഡൽനഷ്ടം ഉഷയ്ക്കുമാത്രമല്ല, ഒ എം നമ്പ്യാർക്കും എന്നും വേദനയായിരുന്നു. ഉഷയെന്ന അത്ലീറ്റിനെ കണ്ടെടുക്കുകയും രാജ്യാന്തരനിലവാരത്തിൽ എത്തിക്കുകയും ചെയ്തത് അത്ഭുതമായിരുന്നു. ഒരു വിദേശപരിശീലനവും ഇല്ലാതെയാണ് ഉഷ മെഡലിന് അടുത്തെത്തിയത്. ആധുനികസൗകര്യങ്ങളും ശാസ്ത്രീയപരിശീലനത്തിനുള്ള വേദികളും ഇല്ലാതിരുന്ന കാലത്താണ് നമ്പ്യാരുടെ നേട്ടം.
അതുകൊണ്ടുതന്നെ കേരളം സൃഷ്ടിച്ച പരിശീലകരുടെ മുൻപന്തിയിലാണ് നമ്പ്യാരുടെ സ്ഥാനം.