കോഴിക്കോട്:പ്രഥമ ദ്രോണാചാര്യയിൽനിന്ന് പദ്മശ്രീയിലേക്ക് എത്തുമ്പോൾ ഒതയോത്ത് മാധവൻ നമ്പ്യാർക്ക് അർഹിച്ച പുരസ്കാരം അൽപം വൈകിയെന്നായിരുന്നു കായിക ലോകത്തിന്റെ വിലയിരുത്തൽ.
കാരണം ഇന്ത്യൻ അത്ലറ്റിക്സിനൊപ്പം ചേർത്തുവെച്ചപേരാണ് മണിയൂരുകാരന്റേത്.
പി.ടി. ഉഷയെന്ന അഭിമാനതാരത്തെ ഇന്ത്യക്ക് സമ്മാനിക്കുന്നതിൽ ഒ.എം. നമ്പ്യാരോട് കായികരംഗം കടപ്പെട്ടിരിക്കുന്നു. ഉഷയെന്ന ലോകോത്തര അത്ലറ്റിനെ വളർത്തിയെടുത്തതുതന്നെയാണ് നമ്പ്യാരുടെ വലിയ സംഭാവന. ഏഷ്യൻ ഗെയിംസിലടക്കം അന്താരാഷ്ട്ര തലത്തിൽ നൂറിലേറെ മെഡലുകളാണ് ഉഷയിലൂടെ പരിശീലകൻ രാജ്യത്തിന് സമ്മാനിച്ചത്.
1985-ലാണ് പ്രഥമ ദ്രോണാചാര്യ പുരസ്കാരം നമ്പ്യാർക്ക് ലഭിക്കുന്നത്. കായികരംഗത്തെ സംഭാവനകൾ കണക്കിലെടുത്ത് അത് പദ്മശ്രീയിലേക്കെത്താൻ മൂന്നര പതിറ്റാണ്ടിലേറെ കാലം വേണ്ടി വന്നു.
തിരുവനന്തപുരത്ത് നടന്ന സെലക്ഷൻ ട്രയൽസിൽ നിന്നാണ് നമ്പ്യാർ ഉഷയെ കണ്ടെത്തുന്നത്. രാജ്യം കണ്ട മികച്ച ഗുരു-ശിഷ്യ ബന്ധത്തിന്റെ തുടക്കമായിരുന്നു അത്. അന്താരാഷ്ട്ര തലത്തിൽ ട്രാക്കിൽ ഇന്ത്യക്ക് മേൽവിലാസമുണ്ടാക്കിയ കൂട്ടുകെട്ടായി അത് വളർന്നു. പദ്മശ്രീ പുരസ്കാരം 84-ാം വയസ്സിലാണ് നമ്പ്യാരെ തേടിയെത്തിയത്.
വൈകിയെത്തിയ അംഗീകാരം
നമ്പ്യാർ സാറിന് 35 വർഷം മുമ്പ് കിട്ടേണ്ട പുരസ്കാരമാണിതെന്നാണ് അന്ന് പി.ടി.ഉഷ പുരസ്കാര വാർത്തയോട് പ്രതികരിച്ചത്.