തലശേരി> ഇടതുപക്ഷത്തെ എതിര്ക്കുന്നതില് എല്ലാ വലതുപക്ഷ കക്ഷികളും ഒരുമിച്ചുനില്ക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില് അതാണ് കണ്ടത്. കോണ്ഗ്രസും ബിജെപിയും ഏകോദരസഹോദരന്മാരെ പോലെ നീങ്ങി. അവര്ക്കൊപ്പം മുസ്ലിംലീഗുമുണ്ടായി. നവീകരിച്ച സി എച്ച് കണാരന് സ്മാരക മന്ദിരം ഉദ്ഘാടനംചെയ്യുകയായിരുന്നു പിണറായി.
രാജ്യം ഭരിക്കുന്നവരും ഇടതുപക്ഷത്തെയാണ് ആശങ്കയോടെ കാണുന്നത്. അവര്ക്ക് കീഴ്പ്പെടുത്താനാവാത്ത ഇടതുപക്ഷത്തെ ഏതുവിധേനയും ഉന്മൂലനം ചെയ്യാനാണ് ശ്രമം. ത്രിപുരയില് ജയിച്ചപ്പോള് പ്രധാനമന്ത്രി മതിമറന്ന് ആഹ്ലാദിക്കുന്നത് നാം കണ്ടു.
ഉത്കണ്ഠപ്പെടുത്തുന്ന സാഹചര്യമാണ് രാജ്യത്ത്. ഭരണഘടനാമൂല്യങ്ങള് ആക്രമിക്കപ്പെടുന്നു. കുറച്ചുകാലത്തെ ഇടവേളയ്ക്കുശേഷമാണെങ്കിലും ജുഡീഷ്യറിക്കുപോലും ശക്തമായി പ്രതികരിക്കേണ്ടിവന്നു.
സ്വാതന്ത്ര്യം കിട്ടിയ ദിനംമാത്രമല്ല, മറ്റൊരു ദിനംകൂടി ആചരിക്കണമെന്നാണ് രാജ്യംഭരിക്കുന്നവര് പറയുന്നത്. പകയുടെ, വിദ്വേഷത്തിന്റെ, ഒടുങ്ങാത്ത പ്രതികാരത്തിന്റെ വികാരം ആളിക്കത്തിക്കുകയാണ്. ഏതാനും സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് മുന്നില്ക്കണ്ടാണ് വര്ഗീയ ചേരിതിരിവ് സൃഷ്ടിക്കാനുള്ള ശ്രമം.
സാങ്കല്പ്പിക കഥകള് മെനഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന് വലതുപക്ഷം വലിയ ശ്രമം നടത്തുന്നു. സച്ചാര് കമീഷന് റിപ്പോര്ട്ടിന്റെ ഭാഗമായുള്ള പാലോളി കമീഷനുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ സൃഷ്ടിക്കാന് ശ്രമിച്ചു. മുസ്ലിം വിഭാഗത്തിന് കിട്ടിക്കൊണ്ടിരുന്ന ആനുകൂല്യങ്ങളില് എണ്ണത്തിലോ സംഖ്യയിലോ കുറവ് വരുത്താതെ ഹൈക്കോടതി വിധി നടപ്പാക്കാനാണ് തീരുമാനിച്ചത്. എന്നാല് ആനുകൂല്യം ഇല്ലാതായെന്ന് പ്രചരിപ്പിച്ച് എല്ഡിഎഫ് വിരോധം ആളിക്കത്തിക്കാന് നോക്കി. പഴയകാലമല്ലിത്. എല്ലാവരും എല്ലാകാര്യങ്ങളും മനസ്സിലാക്കുന്നവരാണ്. കള്ളപ്രചാരണം പണ്ടത്തെപ്പോലെ ഏശില്ല.
കോവിഡ് കാലത്ത് നല്ല നിലയില് ജീവന് രക്ഷിക്കാന് സംസ്ഥാനത്തിന് സാധിച്ചു. രാജ്യത്തെ ഏറ്റവും കുറഞ്ഞ മരണനിരക്കാണിവിടെ. നമ്മുടെ ആരോഗ്യസംവിധാനത്തിന്റെ ശേഷിയെ മറികടക്കുന്ന നിലയില് ഒരു ഘട്ടത്തിലും രോഗവ്യാപനമുണ്ടായില്ല. അമ്പത്ശതമാനത്തിലേറെ പേര്ക്ക് വാക്സിനേഷന് നല്കി. അതിവേഗം പൂര്ത്തിയാക്കാനാണ് നോക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന് അധ്യക്ഷനായി.