തൃശ്ശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളെ തെളവെടുപ്പിനായി ബാങ്കിലെത്തിച്ചു. ഒന്നാം പ്രതി സുനിൽ കുമാർ, ജിൽസ് എന്നിവരെയാണ് തെളിവെടുപ്പിന് എത്തിച്ചത്. പ്രതി ജിൽസിന്റെ ഭാര്യയുടെ സ്ഥാപനത്തിലും പോലീസ് പരിശോധന നടത്തി. കരുവന്നൂർ സഹകരണ സൂപ്പർ മാർക്കറ്റിൽനിന്നും പണം തട്ടിയെന്നും കണ്ടെത്തിയിട്ടുണ്ട്.
ബാങ്കിലെ മുൻ അക്കൗണ്ടന്റ് ജിൽസിന്റെ ഭാര്യയുടെ പേരിൽ ഇരിങ്ങാലക്കുട നടവരമ്പിൽ ഒരു സൂപ്പർമാർക്കറ്റുണ്ട്. കരുവന്നൂർ സഹകരണ സൂപ്പർമാർക്കറ്റിന് സമാന്തരമായാണ് ഇതിന്റെ പ്രവർത്തനം. സഹകരണ ബാങ്കിന്റെ സൂപ്പർമാർക്കറ്റിൽനിന്ന് തട്ടിയെടുക്കുന്ന പണം, സാധനങ്ങൾ എന്നിവ സ്റ്റോക്കിൽ കൃത്രിമംകാട്ടി ജിൽസിന്റെ ഭാര്യയുടെ സൂപ്പർമാർക്കറ്റിലേക്ക് എത്തിച്ചുവെന്ന വിവരങ്ങളാണ്പോലീസ് ഇപ്പോൾ ശേഖരിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതികളെ ജിൽസിന്റെ ഭാര്യയുടെ സൂപ്പർമാർക്കറ്റിലടക്കം എത്തിച്ച് തെളിവെടുപ്പ് നടത്തി.
കരുവന്നൂർ സഹകരണ ബാങ്കിൽ ജിൽസിന്റെ ഭാര്യയുടെ പേരിലുള്ള ലോക്കറും അന്വേഷണസംഘം ഇന്ന് പരിശോധിച്ചു. വ്യാജ ഇടപാടുകൾ ലഭിച്ചത്സംബന്ധിച്ച തെളിവുകൾ ലഭിക്കുമോ എന്നറിയാനാണ് അന്വേഷണ സംഘം ലോക്കറുകൾ പരിശോധിച്ചത്. ബാങ്കിന്റെ മറ്റ് ശാഖകളിലടക്കം പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തുകയും ചെയ്തു.
100 കോടിയുടെ തട്ടിപ്പും 300 കോടി രൂപയുടെ ക്രമക്കേടുമാണ് കരുവന്നൂർ ബാങ്കിൽ നടന്നതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്. കേസിൽ ജൂലായ് 17നാണ് ഇരിങ്ങാലക്കുട പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ബാങ്ക് മുൻ സെക്രട്ടറി സുനിൽകുമാർ (58), മുൻ ബ്രാഞ്ച് മാനേജർ എം.കെ. ബിജു കരീം (45), മുൻ സീനിയർ അക്കൗണ്ടന്റ് ജിൽസ് (43), ബാങ്ക് അംഗം കിരൺ (31), ബാങ്കിന്റെ മുൻ റബ്കോ കമ്മീഷൻ ഏജന്റ് ബിജോയ് (47), ബാങ്ക് സൂപ്പർമാർക്കറ്റ് മുൻ അക്കൗണ്ടന്റ് റെജി അനിൽ (43) എന്നിവരാണ് കേസിലെ ആറ് പ്രതികൾ.
Content Highlights:Karuvannur bank scam Sunil Kumar Jills