വാക്സിൻ സ്വീകരിച്ചിട്ടും കൊവിഡ് ബാധിക്കുന്ന ‘ബ്രേക് ത്രൂ’ കേസുകൾ രാജ്യത്ത് ഏറ്റവുമധികമുള്ളത് കേരളത്തിലാണ്. പ്രതിദിന രോഗബാധയുടെ വർധനയിൽ ഇത്തരം കേസുകൾക്കു പ്രധാന പങ്കുണ്ടെന്നത് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നതായി റിപ്പോർട്ടിൽ പറയുന്നുണ്ട്. കൊറോണ വൈറസിനുണ്ടാകുന്ന ജനിതകമാറ്റം പുതിയ തരംഗത്തിന് കാരണമാകാം എന്നാണ് വിലയിരുത്തൽ.
കേന്ദ്രം പുറത്തുവിട്ട കണക്ക് കൂടുതൽ ആശങ്കപ്പെടുത്തുന്നത് കേരളത്തെയാണ്. വാക്സിൻ സ്വീകരിച്ച ശേഷം 87,000 ത്തോളം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ അതിൽ 46 ശതമാനവും കേരളത്തിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആദ്യ ഡോസ് എടുത്ത ശേഷം എൺപതിനായിരത്തിനടുത്ത് കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ രണ്ടാമത്തെ ഡോസും സ്വീകരിച്ച ശേഷം നാൽപതിനായിരത്തോളം പേർക്കും കൊവിഡ് ബാധിച്ചു.
മറ്റ് സംസ്ഥാനങ്ങളിൽ പ്രതിദിന കൊവിഡ് കേസുകൾ കുറയുമ്പോഴാണ് കേരളത്തിൽ രോഗികളുടെ എണ്ണം ഉയർന്ന തോതിൽ തുടരുന്നത്. സംസ്ഥാനത്ത് നൂറ് ശതമാനം വാക്സിനേഷൻ നടന്ന വയനാട് അടക്കമുള്ള ജില്ലകളിൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. വാക്സിൻ സ്വീകരിച്ച ശേഷം കൊവിഡ് സ്ഥിരീകരിച്ച ഇരുന്നൂറോളം പേരുടെ സാമ്പിളുകളുടെ ജനിതക ശ്രേണി പരിശോധിച്ചതില്‍ വകഭേദം കണ്ടെത്തിയിട്ടില്ലെന്നും മന്ത്രാലയ വൃത്തങ്ങള്‍ പറയുന്നു. രാജ്യത്ത് ഏറ്റവുമധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനമാണ് കേരളം.