കൊച്ചി: ഫെയ്സ്ബുക്കിലൂടെ മന്ത്രിയോട് സഹായമഭ്യർഥിച്ച് മണിക്കൂറുകൾക്കുളളിൽ സഹായവുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. ഹൃദയ സംബന്ധമായി രോഗം ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രണ്ട് മാസം പ്രായമുള്ള ഹൈസിൻ ഷാനാണ് മന്ത്രിയുടെ സഹായ ഹസ്തമെത്തിയത്.
കണ്ണൂർ പുതിയ തെരു സ്വദേശികളായ ഷാനവാസിന്റേയും ഷംസീറയുടേയും മകനാണ് ഹൈസിൻ ഷാൻ. ഇരുവരും കോവിഡ് പോസിറ്റീവ് ആയി കണ്ണൂരിൽ തന്നെ ക്വാറന്റീനിൽ കഴിയുകയാണ്.ഹൃദയത്തിലേക്ക് രക്തം പമ്പ് ചെയ്യുന്ന ധമനികൾക്ക് തകരാറ് സംഭവിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടരുകയായിരുന്നു ഹൈസിൻ. ഡോക്ടർമാർ ഹൈസിന്റെ കാര്യത്തിൽ മറ്റ് പ്രതീക്ഷകളൊന്നുമില്ലെന്ന് പറഞ്ഞ് കൈയൊഴിഞ്ഞതോടെയാണ് അവസാന ശ്രമമെന്ന നിലയിൽ പിതാവ് ഷാനവാസ് മന്ത്രിയുടെ ഫെയ്സ്ബുക്ക് പേജിലേക്ക് സഹായം അഭ്യർഥിച്ച് സന്ദേശം അയച്ചത്. സന്ദേശം അയച്ച് അരമണിക്കൂർ കഴിഞ്ഞപ്പോൾ തന്നെ മന്ത്രി ഇടപെടുകയും വേണ്ട സജ്ജീകരണങ്ങൾ തയാറാക്കി കുഞ്ഞിനെ അമൃത ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.
ഞാനും ഭാര്യയും കോവിഡ് പോസിറ്റീവായി ക്വാറന്റീനിൽ കഴിയുകയാണ്. അവസാന പ്രതീക്ഷയായാണ് മന്ത്രിക്ക് സഹായം അഭ്യർഥിച്ച് ഫെയ്സ്ബുക്കിലൂടെ സന്ദേശമയച്ചത്. അത് കഴിഞ്ഞ് പിന്നീട് മറുപടി വന്നോ എന്നുള്ള കാര്യമൊന്നും നോക്കാൻ പറ്റിയ മാനസികാവസ്ഥയിലായിരുന്നില്ല താൻ. ഞാൻ മെസേജ് അയച്ച് അരമണിക്കൂർ കഴിയുമ്പോൾ തന്നെ മന്ത്രി കുഞ്ഞിനെ അമൃതയിലേക്ക് മാറ്റുന്നതിന് വേണ്ട സജ്ജീകരണങ്ങൾ ചെയ്തിരുന്നു. അതിനുവേണ്ടി ആശുപത്രിക്ക് തയ്യാറെപ്പുകൾക്ക് വേണ്ട സമയം മാത്രമാണ് ആവശ്യമായി വന്നത്. മന്ത്രി ഇടപെടൽ നടത്തിയതെല്ലാം പിറ്റേ ദിവസം മന്ത്രി തന്നെ നേരിട്ട് വിളിച്ചപ്പോഴാണ് അറിഞ്ഞത്. കുഞ്ഞിന്റെ ആരോഗ്യസ്ഥിതിയിൽ നേരിയ പുരോഗതി ഉണ്ടായിട്ടുണ്ട്. പക്ഷേ ഇപ്പോഴും ഗുരുതരാവസ്ഥയിൽ തന്നെ കഴിയുകയാണ്. എല്ലാവരുടേയും പ്രാർഥന വേണം- ഷാനവാസ് പറഞ്ഞു.
കുട്ടിയെ വളരെ മോശമായ അവസ്ഥയിലാണ് ആശുപത്രിയിലേക്ക് എത്തിച്ചത്. കുട്ടിയുടെ ജീവൻ രക്ഷിക്കുന്നതിനായി മറ്റ് മാർഗങ്ങളില്ലാത്തതിനാൽ എത്തിയ ഉടൻ തന്നെ ശസത്രക്രിയ ചെയ്തു. ഇപ്പോൾ ആരോഗ്യസ്ഥതിയിൽ നേരിയ പുരോഗതിയുണ്ട്. ജനിതകപരമായ ഹൃദയത്തിലെ രക്തധമനികൾക്ക് ഉണ്ടാകുന്ന പ്രശ്നമാണ് ഇത്. 120 കുട്ടികളിൽ ഒരു കുട്ടിക്ക് എന്ന നിലക്ക് ഇപ്പോൾ ഈ രോഗം കണ്ടുവരുന്നുണ്ട്. ഇത്തരത്തിൽ നടത്തിയിട്ടുള്ള മിക്കവാറും ശസ്ത്രക്രിയകളും വിജയകരമായിരുന്നു. എന്നിരുന്നാലും ഹൈസിന്റെ കാര്യത്തിൽ ഇനിയും രണ്ട് ദിവസങ്ങൾ കൂടി കഴിഞ്ഞാൽ മാത്രമേ ഗുരുതരാവസ്ഥ പിന്നിട്ടതായി പറയാൻ കഴിയുകയുള്ളൂ. വെന്നും കൊച്ചി അമൃത ആശുപത്രിയിലെ പീഡിയാട്രിക് കാർഡിയോളജി വിഭാഗം മേധാവി ഡോ.കൃഷ്ണകുമാർ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
Content Highlights:Appealed to the minister for help through Facebook Minister Veena George intervenes for a two month old baby