കൊച്ചി: എറണാകുളം തൃക്കാക്കര നഗരസഭയിൽ ഓണക്കോടിയോടൊപ്പം പതിനായിരം രൂപ വെറുതെ നൽകിയ നഗരസഭ അധ്യക്ഷ വിവാദത്തിൽ. യുഡിഎഫ് അധികാരത്തിലിരിക്കുന്ന തൃക്കാക്കര നഗരസഭയിലെ അധ്യക്ഷ അജിത തങ്കപ്പനാണ് 43 കൗൺസിലർമാർക്ക് ഓണസമ്മാനമായി 10000 രൂപ വീതം നൽകിയത്. പണം തിരികെ നൽകിയ 18 കൗൺസിലർമാർ വിജലൻസ് അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകി.
ഓരോ കൗൺസിലർമാരെയും ക്യാബിനിലേക്ക് വിളിച്ചുവരുത്തി പണം രഹസ്യമായി കൈമാറുകയായിരുന്നുവെന്നാണ് ആരോപണം. നഗരസഭയിലെ വിവിധ വാർഡുകളിലേക്കുള്ള ഓണക്കോടി വിതരണത്തിനൊപ്പം കൗൺസിലർമാരെ ക്യാബിനിൽ വിളിച്ചുവരുത്തി പണമടങ്ങിയ കവറും കൂടി നൽകിയെന്നാണ് ആരോപണം.
നഗരസഭയിൽ നടക്കുന്ന ക്രമക്കേടുകളുടെ ഭാഗമായുള്ള പണമാണ് ഇത്തരത്തിൽ വിതരണം ചെയ്തതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. കൗൺസിലർമാർക്ക് 10,000 രൂപവീതം നൽകിയെങ്കിൽ ചെയർപേഴ്സൺ ഉൾപ്പെടെയുള്ള ഭരണസമിതിക്ക് 25 ലക്ഷം രൂപയെങ്കിലും ലഭിച്ചിട്ടുണ്ടാകുമെന്നും അവർ ആരോപിച്ചു. ഇക്കാര്യം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിജിലൻസിന് പരാതി നൽകിയെന്നും പ്രതിപക്ഷം പറഞ്ഞു.
എന്നാൽ, ആരോപണം അടിസ്ഥാന രഹിതമാണെന്ന് നഗരസഭ അധ്യക്ഷ അജിത തങ്കപ്പൻ പ്രതികരിച്ചു. കൗൺസിലർമാർ ക്യാബിനിലേക്ക് വന്നത് ഓണക്കോടി എടുക്കാനാണ്. ഓണക്കോടിക്കൊപ്പംപതിനായിരം രൂപ നൽകി എന്നത് അടിസ്ഥാനരഹിതമായ ആരോപണമാണ്. പുതിയ ഭരണ സമതി വന്നതിന് ശേഷം അതിനെ അട്ടിമറിക്കുക എന്ന ഉദ്ദേശത്തോടെയാണ് പ്രതിപക്ഷം പ്രവർത്തിക്കുന്നതെന്നും അവർ പറഞ്ഞു.
ഇത്രയും പണം നൽകാനുള്ള കഴിവ് എനിക്കില്ല. പിന്നെ ആരോപണം ഉന്നയിക്കുന്നത് എന്താണെന്ന് അറിയില്ല. ശാരീരികമായി ഉപദ്രവിച്ചതിന് പിന്നാലെയാണ് അടുത്ത ആരോപണവുമായി വന്നിരിക്കുന്നത്. അവർ കേസുമായി മുന്നോട്ട് പോകണം. സത്യം തെളിയിക്കേണ്ടത് തന്റെയും ഉത്തരവാദിത്തമാണ്. ഇതിനെ നിയമപരമായി തന്നെ നേരിടുമെന്നും അവർ കൂട്ടച്ചേർത്തു.
Content Highlights: Thrikkakara municipality chairperson distribute 10,000 rupees for councillors















