കണ്ണൂർ
ഐഎസ് ബന്ധത്തിന്റെപേരിൽ കണ്ണൂരിൽ ദേശീയ അന്വേഷണസംഘം (എൻഐഎ) അറസ്റ്റുചെയ്ത രണ്ട് യുവതികളെയും ഡൽഹിയിലേക്ക് കൊണ്ടുപോയി. കണ്ണൂർ താണയിലെ മിസ സിദ്ദിഖ്, ഷിഫ ഹാരിസ് എന്നിവരാണ് ചൊവ്വാഴ്ച അറസ്റ്റിലായത്. എയർ ഇന്ത്യ വിമാനത്തിൽ ബുധനാഴ്ച ഉച്ചകഴിഞ്ഞ് ഒന്നരയോടെയാണ് പ്രതികളുമായി എൻഐഎ സംഘം ഡൽഹിയിലേക്ക് തിരിച്ചത്.
എൻഐഎ ഡിവൈഎസ്പി കെ പി ഷാഹുൽഹമീദിന്റെ നേതൃത്വത്തിൽ ഡൽഹിയിൽനിന്നെത്തിയ സംഘമാണ് ഇരുവരെയും അറസ്റ്റുചെയ്തത്. മിസ സിദ്ദിഖും ഷിഫ ഹാരിസും ആറു മാസത്തോളമായി എൻഐഎയുടെയും തീവ്രവാദവിരുദ്ധ സ്ക്വാഡിന്റെയും നിരീക്ഷണത്തിലായിരുന്നു. സമൂഹമാധ്യമങ്ങളിൽ ഐഎസിനുവേണ്ടി ഇവർ ആശയപ്രചാരണം നടത്തിയതായും യുവാക്കളെ റിക്രൂട്ടുചെയ്തതായുമാണ് എൻഐഎ കണ്ടെത്തൽ.
ഇൻസ്റ്റഗ്രാം വഴിയായിരുന്നു പ്രചാരണം. എൻഐഎ ഏഴു പേർക്കെതിരെയാണ് എഫ്ഐആർ രജിസ്റ്റർചെയ്തത്. ഇരുവരുടെയും പിതൃസഹോദരീപുത്രൻ മിസ്ബാഹ് അൻവർ നേരത്തെ അറസ്റ്റിലായിരുന്നു.