ന്യൂഡൽഹി
ശമ്പളത്തിന് ആനുപാതികമായി പിഎഫ് ഫണ്ടിലേക്ക് ഉയർന്ന വിഹിതം അടയ്ക്കുന്നവർക്ക് കൂടിയ പെൻഷന് അർഹതയുണ്ടെന്ന വിവിധ ഹൈക്കോടതി വിധികൾക്കെതിരെ ഇപിഎഫ് സമർപ്പിച്ച അപ്പീൽ മൂന്നംഗ ബെഞ്ചിന് വിടുന്നത് സുപ്രീംകോടതി പരിഗണിക്കുന്നു. ജസ്റ്റിസുമാരായ യു യു ലളിത്, അജയ് രസ്തോഗി എന്നിവരുൾപ്പെട്ട രണ്ടംഗ ബെഞ്ചാണ് ഇക്കാര്യം പരിഗണിക്കുന്നത്. അടുത്ത ചൊവ്വാഴ്ച ഉത്തരവ് പുറപ്പെടുവിക്കുമെന്നും കോടതി അറിയിച്ചു.
അടയ്ക്കുന്ന വിഹിതത്തിന് അനുസൃതമായി ഉയർന്ന പെൻഷൻ എന്ന ഉപാധി എത്ര വൈകി വേണമെങ്കിലും ഉപയോക്താവിന് സ്വീകരിക്കാമെന്ന് ആർ സി ഗുപ്ത കേസിൽ 2016 ൽ സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് വിധിച്ചിരുന്നു. ഇതിന്റെ സാധുതയെ ചോദ്യംചെയ്ത് പ്രൊവിഡന്റ് ഫണ്ടും പെൻഷൻ ഫണ്ടും രണ്ട് വ്യത്യസ്ത പദ്ധതികളാണെന്ന് ഇപിഎഫ്ഒയ്ക്കായി ഹാജരായ അഭിഭാഷകൻ ആര്യാമ സുന്ദരം വാദിച്ചതോടെയാണ് മൂന്നംഗ ബെഞ്ചെന്ന അഭിപ്രായം കോടതി മുന്നോട്ട് വച്ചത്. ആർ സി ഗുപ്ത കേസിലെ വിധി കേന്ദ്രം അംഗീകരിച്ചതാണെന്നും ഇത് നടപ്പാക്കാൻ നിർദേശിച്ച് കത്ത് നൽകിയിരുന്നുവെന്നും ഉപയോക്താക്കൾക്കായി ഹാജരായ അഭിഭാഷക മീനാക്ഷി അറോറ ചൂണ്ടിക്കാട്ടി.