തിരുവനന്തപുരം
സംസ്ഥാനത്ത് ഡിജിറ്റൽ സംവിധാനം ഉപയോഗിച്ചുള്ള റീസർവേ നാലു വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് റവന്യൂമന്ത്രി കെ രാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 1550 വില്ലേജിൽ റീസർവേ നടത്താൻ 807.98 കോടി രൂപ അനുവദിച്ചു. നാലു ഘട്ടമായാണ് റീസർവേ. ആദ്യ ഘട്ടത്തിൽ 400 വില്ലേജിലേക്ക് 339.438 കോടി രൂപയുടെ അനുമതി നൽകി. ഭൂമിയുടെ പ്രത്യേകതയനുസരിച്ച് കണ്ടിന്യൂവസ്ലി ഓപ്പറേറ്റിങ് റഫറൻസ് സ്റ്റേഷൻ (കോർസ്), റിയൽ ടൈം കൈൻമാറ്റിക് (ആർടികെ), ഡ്രോൺ, ലിഡാർ, ഇടിഎസ് എന്നീ സാങ്കേതികവിദ്യകളാണ് ഉപയോഗിക്കുക. ഒരു വില്ലേജിൽ കോർസ് ഉപയോഗിച്ച് അഞ്ചരമാസത്തിൽ റീസർവേ പൂർത്തിയാക്കാം. കോർസ്, ഡ്രോൺ സംവിധാനങ്ങൾ ഉപയോഗിക്കുമ്പോൾ ഒരു സർവയറുടെയും ഹെൽപ്പറുടെയും സേവനം മതി. ഒരു ടീമിന് നാല് ഹെക്ടർവരെ ഒരേ സമയം റീസർവേ ചെയ്യാനാകും.
അവകാശരേഖ ലഭ്യമാക്കൽ, ഉടമസ്ഥാവകാശം തെളിയിക്കാൻ ഏകീകൃത അവകാശരേഖ, ഓൺലൈൻ സേവനങ്ങൾ, ഭൂമിയുമായി ബന്ധപ്പെട്ട് കാലങ്ങളായി നിൽക്കുന്ന പ്രശ്നങ്ങൾ തീർപ്പാക്കൽ, കൃത്യമായ ഭൂരേഖകളും സ്കെച്ചുകളും ലഭ്യമാക്കുക എന്നിങ്ങനെയാണ് സർവേയുടെ നേട്ടം. ജിയോ കോ–- ഓർഡിനേറ്റ് അടിസ്ഥാനമാക്കിയ ഭൂപടത്തിന്റെ സഹായത്താൽ ദുരന്തനിവാരണ പ്രവർത്തനം കൂടുതൽ ഫലപ്രദമാക്കാനും സാധിക്കും.
സർവേ ഓഫ് ഇന്ത്യ റീജണൽ ഡയറക്ടറുടെ സാങ്കേതിക സഹായത്തോടെ സംസ്ഥാന സർവേ ആൻഡ് ലാൻഡ് റെക്കോഡ്സ് വകുപ്പിനാണ് നിർവഹണച്ചുമതല. പദ്ധതിയുടെ നടത്തിപ്പിനും മേൽനോട്ടത്തിനുമായി സംസ്ഥാനതല പദ്ധതി നിർവഹണ യൂണിറ്റ് രൂപീകരിക്കും. കലക്ടർമാരുടെ നേതൃത്വത്തിൽ ജില്ലാ നിർവഹണ സമിതികളും രൂപീകരിക്കും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലെ ഉന്നത സമിതി പദ്ധതി നടത്തിപ്പ് വിലയിരുത്തുമെന്നും മന്ത്രി പറഞ്ഞു.