കോഴിക്കോട്
രാജ്യാതിർത്തിക്കടുത്ത് ഭീകരതയുടെ താലിബാൻ പതാക പാറുമ്പോൾ ഇവിടെയുമുണ്ട് ചിലരുടെ മനസിൽ താലിബാനിസത്തിന്റെ നിലവിളിയും മുറിവുകളും. താലിബാൻ മാതൃകയിൽ ആവേശഭരിതരായി ബിൻലാദനെയും മുല്ല ഒമറിനെയും ആരാധിക്കുന്ന ഇസ്ലാമിക തീവ്രവാദികളുടെ കേരളീയ പതിപ്പുകൾ പലതായുണ്ട്. സംഘപരിവാർ ഭീകരതക്ക് മറുപതിപ്പായ എൻഡിഎഫും എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയുമായി താലിബാൻ വിജയത്തിൽ ‘വിസ്മയം’കൊള്ളുന്നവരാണിവർ. കൈവെട്ടിയും കഴുത്തുവെട്ടിയും താലിബാൻ ഭീകരതയുടെ കേരളീയാവിഷ്കാരങ്ങൾ ഇവർ നടപ്പാക്കിയിട്ടുണ്ട്.
അധ്യാപകനായ ജോസഫിന്റെ കൈ വെട്ടിയ ഭീകരർ, സിറിയയിലേക്ക് ആടുമേയ്ക്കാൻ യുവാക്കളെ എത്തിച്ച തീവ്രവാദ ഗ്രൂപ്പുകൾ, പെൺകുട്ടികളെ ഭീകര ക്യാമ്പിലേക്ക് നയിച്ചവർ… ആർഎസ്എസിന് കരുത്തേകുന്ന ഇത്തരം ഛിദ്രശക്തികളുടെ വളർച്ച മതനിരപേക്ഷ– ഇടതുപക്ഷ ജാഗ്രതയിലാണ് തടയാനായത്.
കൈ വെട്ടിയ
‘പരീക്ഷണം’
ഇസ്ലാമിക തീവ്രവാദികൾ താലിബാൻ മാതൃകയിലുള്ള ‘വിധി’ നടപ്പാക്കിയത് 11 വർഷം മുമ്പാണ്. തൊടുപുഴ ന്യൂമാൻ കോളേജ് അധ്യാപകൻ പ്രൊഫ. ടി ജെ ജോസഫിന്റെ വലതു കൈപ്പത്തിയാണ് പ്രവാചകനിന്ദ ആരോപിച്ച് വെട്ടിമാറ്റിയത്. 2010 ജൂലൈ നാലിനായിരുന്നു കേരളത്തെ ഞെട്ടിച്ച സംഭവം. പോപ്പുലർ ഫ്രണ്ട് ക്രിമിനലുകൾ ടി ജെ ജോസഫിനെ വലിച്ചിറക്കി മഴുകൊണ്ട് ഇടതു കാലിലും തുടയിലും വെട്ടുകയായിരുന്നു. താലിബാൻ മോഡൽ വിധി നടപ്പാക്കുന്ന ഒരു പരീക്ഷണമായിരുന്നു കൈവെട്ടിയ സംഭവം.
‘എനിക്കവന്റെ മയ്യത്ത് കാണേണ്ട’
കണ്ണൂർ മൈതാനപ്പള്ളിയിലെ വീടിന്റെ ഉമ്മറത്ത് കണ്ണീർ തോരാത്ത ഒരു ഉമ്മ നെഞ്ചുപൊട്ടി പറഞ്ഞു–- ‘എനിക്കവന്റെ മയ്യത്ത് കാണേണ്ട’. കശ്മീരിൽ സുരക്ഷാസേനയുടെ വെടിയേറ്റ് മരിച്ച നാലുപേരിൽ ഒരാളായ ഫയാസിന്റെ ഉമ്മ സഫിയയാണ് രാജ്യ
ദ്രോഹിയായ മകന്റെ മൃതദേഹം കാണാൻ കൂട്ടാക്കാതിരുന്നത്. കണ്ണൂർ തായത്തെരുവിലെ ഫായിസ്, പരപ്പനങ്ങാടിയിലെ അബ്ദുൾ റഹീം, എറണാകുളം വെണ്ണലയിലെ മുഹമ്മദ് യാസീൻ എന്നിവർക്കൊപ്പം ഫയാസിനെയും 2008 സെപ്തംബർ 17നാണ് സൈന്യം ഏറ്റുമുട്ടലിൽ വധിച്ചത്.
കണ്ണൂരിൽ പ്രതിരോധ സേന രൂപീകരിക്കാനായി യുവാക്കളെ റിക്രൂട്ട് ചെയ്ത് ഭീകര കേന്ദ്രങ്ങളിൽ പരിശീലനത്തിനയച്ചത് കണ്ണൂർ സിറ്റി മരക്കാർകണ്ടിയിലെ തടിയന്റവിട നസീർ, വയനാട് പടിഞ്ഞാറത്തറയിലെ ഇബ്രാഹിം മൗലവി, കണ്ണൂർ മരക്കാർകണ്ടി മുഹമ്മദ്സാബിർ എന്നിവരാണ്. ഇതിൽ തടിയന്റവിട നസീർ എൻഐഎയുടെ പിടിയിലായി.
സാബിർ പാക് സൈന്യത്തിന്റെ സംരക്ഷണത്തിലാണ്. ഇബ്രാഹിം മൗലവിയെക്കുറിച്ച് വിവരമില്ല.
തീവ്രവാദത്തിന്റെ ഹരിത ഇടനാഴി
മഞ്ചേരി ‘ഗ്രീൻവാലി’ പോപ്പുലർ ഫ്രണ്ടിന്റെ എല്ലാ വിധ്വംസക പ്രവർത്തനങ്ങളുടെയും ആസൂത്രണ നിർവഹണ കേന്ദ്രമാണ്. സിഐടിയു നേതാവായ ഷംസു പുന്നക്കലിനെ 2001 ജനുവരി 16ന് പട്ടാപ്പകലാണ് എൻഡിഎഫുകാർ മഞ്ചേരി നഗരത്തിലിട്ടാണ് വെട്ടിനുറുക്കിയത്. കഴിഞ്ഞ വർഷം നവംബർ ആറിന് ഷംസുവിന്റെ അകാല വേർപാടിന് കാരണമായത് മാരകമായ ഈ അക്രമമാണ്.