ലോർഡ്സിൽ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ മികച്ച സെഞ്ചുറി നേടിയ കെഎൽ രാഹുൽ ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ 19 സ്ഥാനങ്ങൾ മുന്നേറി 37-ാം സ്ഥാനത്തെത്തി. ബുധനാഴ്ചയാണ് ഐസിസി ഏറ്റവും പുതിയ റാങ്കിങ് പുറത്തിറക്കിയത്. ഇന്ത്യൻ നായകൻ വിരാട് കോഹ്ലി റാങ്കിങ്ങിൽ അഞ്ചാം സ്ഥാനത്താണ്. ബാറ്റ്സ്മാൻമാരുടെ റാങ്കിങ്ങിൽ ഏറ്റവും മുന്നിലുള്ള ഇന്ത്യൻ താരം കോഹ്ലിയാണ്.
56-ആം സ്ഥാനത്തോടെ കഴിഞ്ഞയാഴ്ച വീണ്ടും റാങ്കിങ്ങിൽ പ്രവേശിച്ച രാഹുൽ, ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സിൽ 129 റൺസ് നേടിയിരുന്നു. ഇന്ത്യയുടെ 151 റൺസ് വിജയത്തിൽ രാഹുലിന്റെ സെഞ്ചുറി വലിയ പങ്കുവഹിച്ചിരുന്നു.
കഴിഞ്ഞയാഴ്ച ഒരു സ്ഥാനം നഷ്ടപ്പെട്ട കോഹ്ലി അഞ്ചാം സ്ഥാനത്ത് തുടർന്നു. ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മയും വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്തും യഥാക്രമം ആറ്, ഏഴ് സ്ഥാനങ്ങൾ നിലനിർത്തി.
Read More: ലോര്‍ഡ്സിലെ വിജയം; കോഹ്ലി ഇനി ഇതിഹാസ നായകന്മാര്‍ക്കൊപ്പം
ഇന്ത്യക്കെതിരായ ആദ്യ മത്സരത്തിന് ശേഷം അഞ്ചാം സ്ഥാനത്ത് പരമ്പര ആരംഭിക്കുകയും കോലിയെ മറികടക്കുകയും ചെയ്ത ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട് രണ്ടാം ടെസ്റ്റിന് ശേഷം രണ്ട് സ്ഥാനങ്ങൾ കൂടി ഉയർത്തി രണ്ടാം സ്ഥാനത്തെത്തി. 893 റേറ്റിംഗ് പോയിന്റാണ് ജോ റൂട്ടിന്. ഒന്നാം സ്ഥാനത്തുള്ള ന്യൂസിലാൻഡ് നായകൻ കെയ്ൻ വില്യംസണേക്കാൾ എട്ട് പോയിന്റ് മാത്രമാണ് കുറവ്.
ടെസ്റ്റ് ഓൾറൗണ്ടർമാരുടെ റാങ്കിംഗിൽ ഇന്ത്യയുടെ രവീന്ദ്ര ജഡേജ ഒരു സ്ഥാനം താഴ്ന്ന് മൂന്നാമതെത്തി, അതിൽ ഇന്ത്യയുടെ സീനിയർ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ നാലാം സ്ഥാനത്താണ്.
ബൗളർമാരുടെ പട്ടികയിൽ ജസ്പ്രീത് ബുംറ 10 -ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ലോർഡ്സിൽ ഓരോ ഇന്നിംഗ്‌സിലും നാല് വിക്കറ്റുകൾ വീഴ്ത്തിയ സഹ പേസർ മുഹമ്മദ് സിറാജ് 18 സ്ഥാനങ്ങൾ മുന്നേറി 38ാം സ്ഥാനത്തെത്തി.
ഇംഗ്ലണ്ടിന്റെ മുതിർന്ന താരം ജെയിംസ് ആൻഡേഴ്സൺ ഒരു സ്ഥാനം മെച്ചപ്പെടുത്തി. ആദ്യ ഇന്നിംഗ്സിൽ അഞ്ച് വിക്കറ്റ് നേട്ടത്തിന് ശേഷം ആറാം സ്ഥാനത്താണ് ആൻഡേഴ്സൺ. പേസ് സഹപ്രവർത്തകനായ മാർക്ക് വുഡ് 37-ആം സ്ഥാനത്തെത്തി.
Read More: മടങ്ങിവരാൻ സ്റ്റോക്സിനെ നിർബന്ധിക്കില്ല; ഇംഗ്ലണ്ട് പരിശീലകൻ
കിംഗ്സ്റ്റണിൽ വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടെസ്റ്റിൽ 30 ഉം 55 ഉം സ്കോർ നേടിയ പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി എട്ടാം സ്ഥാനത്തെത്തി.
ഒരു വിക്കറ്റിന് വിജയിച്ച വെസ്റ്റ് ഇൻഡീസിന്റെ ജെർമെയ്ൻ ബ്ലാക്ക്വുഡ് 55ാം സ്ഥാനത്ത് നിന്ന് 35ാം സ്ഥാനത്തേക്കെത്തി. ഓൾ റൗണ്ടർ ജേസൺ ഹോൾഡർ അഞ്ച് സ്ഥാനങ്ങൾ മുന്നേറി 43 ആം സ്ഥാനത്തും ആദ്യ ഇന്നിംഗ്സിൽ മൂന്ന് റൺസിന് സെഞ്ച്വറി നഷ്ടപ്പെട്ട ക്യാപ്റ്റൻ ക്രെയ്ഗ് ബ്രാത്വെയ്റ്റ് 18 സ്ഥാനങ്ങൾ മുന്നേറി 45 -ാം സ്ഥാനത്തുമെത്തി.
ഹോൾഡർ ബൗളർമാരുടെ ആദ്യ പത്തിൽ ഇടംപിടിച്ചു. മത്സരത്തിലെ നാല് വിക്കറ്റുകൾക്ക് ശേഷം രണ്ട് സ്ഥാനങ്ങൾ ഉയർന്ന് ഒൻപതാം സ്ഥാനത്തേക്കെത്തി. ഫാസ്റ്റ് ബൗളർ ജെയ്ഡൻ സീൽസ് തന്റെ എട്ട് വിക്കറ്റ് നേട്ടത്തിന് ശേഷം 39 സ്ഥാനങ്ങൾ ഉയർന്ന് 58-ാം സ്ഥാനത്തെത്തിയപ്പോൾ കെമാർ റോഷ് രണ്ട് സ്ഥാനങ്ങൾ ഉയർന്ന് 11-ാം സ്ഥാനത്തെത്തി.
പാക്കിസ്ഥാന് വേണ്ടി ഓരോ ഇന്നിംഗ്‌സിലും നാല് വിക്കറ്റുകൾ വീഴ്ത്തിയ, ഇടംകൈയ്യൻ ഫാസ്റ്റ് ബൗളർ ഷഹീൻ അഫ്രീദി നാല് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 18-ാം സ്ഥാനത്തെത്തി.
The post ലോർഡ്സിലെ സെഞ്ചുറിക്ക് ശേഷം ഐസിസി റാങ്കിങ്ങിൽ രാഹുലിന് മുന്നേറ്റം; അഞ്ചാം സ്ഥാനത്ത് തുടർന്ന് കോഹ്ലി appeared first on Indian Express Malayalam.