തൃശുർ > വ്യാജ ബയോഡാറ്റ ആരോപണത്തിൽ കാർഷിക സർവകലാശാലയിലെ വൈസ് ചാൻസലർ ഡോ. ആർ ചന്ദ്രബാബുവിനെ മാറ്റി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സംയുക്ത സത്യഗ്രഹം നടത്തി. ടീച്ചേർസ് ഓർഗനൈസേഷൻ, എംപ്ളോയീസ് അസോസിയേഷൻ, വർക്കേഴ്സ് യൂണിയൻ (സിഐടിയു), എസ്എഫ്ഐ എന്നി സംഘടനകളുടെ നേതൃത്വത്തിൽനടന്ന സത്യഗ്രഹം കാലടി സംസ്കൃത സർവകലാശാല അധ്യാപക സംഘടന ജനറൽ സെക്രട്ടറി ഡോ. ബിച്ചു. എക്സ് മലയിൽ ഉദ്ഘാടനം ചെയ്തു.
ഡോ.ബി. സുമ അധ്യക്ഷയായി. ജനറൽ കൗൺസിൽ അംഗങ്ങളായ ഡോ. പി കെ സുരേഷ് കുമാർ, പി കെ ശ്രീകുമാർ, സിന്ധു കെ. ജി. എന്നിവരും മറ്റ് സംഘടന നേതാക്കളും സംസാരിച്ചു. കെ ആർ പ്രദീഷ് സ്വാഗതവും പി എസ് രാജേഷ് നന്ദിയും പറഞ്ഞു. പി കെ നൗഷാദ്, വി ആർ അരുൺ, പി ബി സുമേഷ്, കൃഷ്ണദാസ്, ഡോ .ദീപ്തി, ഡോ.ബിനു കമലോൽഭവൻ, ഡോ.ജമാലുദ്ദീൻ, ഡോ. ദീപു മാത്യു, സിന്ധു, ഷിന എന്നിവർ സത്യഗ്രഹമനുഷ്ഠിച്ചു.
വിസിറ്റിങ് സയൻ്റിസ്റ്റ് പദവി, ഗവേഷണ പ്രബന്ധങ്ങൾ, കോടിക്കണക്കിന് രൂപയുടെ പ്രൊജക്റ്റുകൾ, വിത്ത് പ്രകാശനം എന്നിവ സംബന്ധിച്ച വിസി യുടെ അവകാശവാദങ്ങൾ തെറ്റായിരുന്നുവെന്ന് തെളിവടക്കം സ്ഥാപിക്കപ്പെട്ടിരിക്കുകയാണെന്ന് സംഘടനാനേതാക്കൾ പറഞ്ഞു. അക്കാദമിക് സമൂഹത്തെ നാണം കെടുത്തുന്ന വിസിക്കെതിരെ സർവകലാശാല സമൂഹം നിലപാടെടുത്തതോടെ പ്രതികാര നടപടികളുമായി അദ്ദേഹം മുന്നോട്ട് വന്നിരിക്കുകയാണെന്നും നേതാക്കൾ പറഞ്ഞു