തിരുവനന്തപുരം > പട്ടികവർഗ വിഭാഗത്തിൽപ്പെട്ട 60 വയസു കഴിഞ്ഞവർക്ക് മുഖ്യമന്ത്രിയുടെ ഓണസമ്മാനമായി 1000 രൂപ ലഭിക്കും. സമൂഹത്തിന്റെ പ്രത്യേക കരുതലിന് അർഹരായ പട്ടികവർഗ വിഭാഗക്കാരിലെ മുതിർന്ന പൗരൻമാരുടെ ക്ഷേമം ഉറപ്പാക്കുന്നതാണ് സർക്കാർ നടപടി.
മുൻവർഷങ്ങളിൽ നേരിട്ട് ഓണക്കോടി നൽകിയിരുന്നു. കോവിഡ് സാഹചര്യത്തിൽ അത് പ്രായോഗികമല്ലാത്തതിനാലാണ് ഓണക്കോടിക്കു പകരം തുക സമ്മാനിക്കുന്നത്. ബാങ്ക് അക്കൗണ്ട് ഉള്ളവർക്ക് അതുവഴിയും അല്ലാത്തവർക്ക് നേരിട്ടും തുക എത്തിക്കും.
അതിനായി ആകെ 5.76 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിച്ചതായി പട്ടികജാതി‐പട്ടികവർഗ വികസന മന്ത്രി കെ രാധാകൃഷ്ണൻ അറിയിച്ചു. 57655 പേർക്കായിരിക്കും ഇത്തവണ മുഖ്യമന്ത്രിയുടെ ഓണസമ്മാനം ലഭിക്കുക. അടിയന്തിരമായി ഈ ധനസഹായം അർഹരിലേക്ക് എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകിയതായി മന്ത്രി പറഞ്ഞു.