നീണ്ട ഏഴുവർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ തരൂർ കുറ്റവിമുക്തനായിരിക്കുകയാണ്. ഭാര്യയുടെ മരണത്തെതുടർന്നുണ്ടായ ആരോപണങ്ങളെ നിയമപരമായും രാഷ്ട്രീയപരമായും നേരിടേണ്ട അവസ്ഥയിലായിരുന്നു തരൂർ. ബിജെപിക്കാവട്ടെ തരൂരിനെതിരെയുള്ള രാഷ്ട്രീയ ആയുധമായിരുന്നു സുനന്ദ മരണവുമായി ബന്ധപ്പെട്ട കേസ്. ഒടുവിൽതരൂരിനെ ഡൽഹി റോസ് അവന്യു കോടതി കുറ്റവിമുക്തനാക്കിയിരിക്കുകയാണ്.
ഐ.പി.എല്ലിൽ വിയർപ്പോഹരി വിവാദവുമായി ബന്ധപ്പെട്ടാണ് സുനന്ദ പുഷ്കറിന്റെപേര് ആദ്യമായി മലയാളി കേൾക്കുന്നത്. അന്ന് കേന്ദ്രമന്ത്രിയായിരുന്ന തരൂരിന്റെ പേരും സുനന്ദയ്ക്കൊപ്പമുണ്ടായിരുന്നതിനാൽ വിവാദങ്ങൾ കത്തിപ്പടർന്നു. തരൂരിന്റെ ബിനാമിയാണ് സുനന്ദ എന്നായിരുന്നു ആരോപണം. കോൺഗ്രസ് മന്ത്രിസഭയിലെ സഹമന്ത്രിസ്ഥാനം നഷ്ടപ്പെടുത്തുന്നതിലാണ് ഈ വിവാദങ്ങൾ തരൂരിനെ കൊണ്ടെത്തിച്ചത്.
ഐപിഎല്ലുമായുള്ള സർവ്വ ബന്ധങ്ങളും തരൂരും സുനന്ദയും ഉപേക്ഷിച്ചെങ്കിലും വൈകാതെ ജീവിതത്തിൽ ഇരുവരും ഒന്നിച്ചു. 2010 ഓഗസ്റ്റ് 22ന് ഉത്രാടനാളിൽ പാലക്കാട്ട് ഏലവഞ്ചേരി മുണ്ടാരത്ത് തറവാട്ടിൽവെച്ച് തരൂർ സുനന്ദയ്ക്ക് താലിചാർത്തി. തരൂരിന്റെ രണ്ട് ആൺമക്കളെയും സുനന്ദയുടെ ഏക മകനെയും സാക്ഷിയാക്കിയായിരുന്നു ആ വിവാഹം.ഇരുവരുടെയും മൂന്നാമത്തെ വിവാഹമായിരുന്നു അത്.
സുനന്ദ പുഷ്ക്കർ ശശിതരൂർ വിവാഹം | Photo: PTI
ആരാണ് സുനന്ദ പുഷ്കർ
കാശ്മീരിലെ സോപോർ സ്വദേശിനി. 1962ൽ പുഷ്ക്കർ നാഥ് ദാസിന്റെയും ജയാദാസിന്റെയും മകളായി ജനനം. സഞ്ജയ് റെയ്ന ആയിരുന്നു സുനന്ദയുടെ ആദ്യ ഭർത്താവ്. ഈ ബന്ധം 1998ൽ അവസാനിച്ചു. മലയാളിയായ സുജിത്ത് മേനോനെയാണ് സുനന്ദ രണ്ടാമത് വിവാഹം ചെയ്തത്. ഈ ബന്ധത്തിൽ ശിവ് മോനോൻ എന്ന മകനുണ്ട്.
പിന്നീട് മധ്യപൂർവ രാജ്യങ്ങളിലെ രാജ്യങ്ങളിലെ അറിയപ്പെടുന്ന ബിസിനസ് സംരംഭകയായി സുനന്ദ വളർന്നു.ബിസിനസിലെ ഈ പരിചയമാണ് സുനന്ദയെ ഐപിഎല്ലിൽ എത്തിക്കുന്നത്.
കേന്ദ്ര മന്ത്രിസ്ഥാനം നഷ്ടമായെങ്കിലും സുനന്ദ തരൂർ ബന്ധത്തെ അത് ബാധിച്ചില്ല. പല പൊതുവേദികളിലും ഇരുവരും ഒന്നിച്ചെത്തി. ക്യാമറ കണ്ണുകൾ ഇരുവരെയും വിടാതെ തന്നെ പിന്തുടരുകയും ചെയ്തു. നല്ല സുഹൃത്തുക്കളായിരുന്ന തങ്ങൾ പിന്നീട് പ്രണയത്തിലാവുകായായിരുന്നുവെന്ന് തരൂർ തന്നെ പിന്നീട് വെളിപ്പെടുത്തിയിരുന്നു.
മലയാളത്തിന്റെ വിവാദ മരുമകൾ
വിവാഹിതരായെങ്കിലും മാധ്യമങ്ങൾ ഇവരെ വിടാതെ തന്നെ പിന്തുടർന്നു. തരൂരും ഭാര്യയും വരുന്നതും പോകുന്നതും എല്ലാം വാർത്തയായി. തരൂർ പോകുന്നെടുത്തെല്ലാം പിന്തുണയുമായി സുനന്ദയും എത്തി. വിവാഹം കഴിഞ്ഞുള്ള ഇരുവരുടെയും പ്രണയവും മാധ്യമങ്ങൾ ആഘോഷിച്ചു. ഇടയ്ക്കല്ലൊം അവ വിവാദങ്ങളായി. 2012ൽ തന്നോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് സുനന്ദ എയർപോർട്ടിൽ വെച്ച് ഒരു യുവാവിനെ തല്ലി.
2013 അവസാനത്തോടെയാണ് ഇരുവരുടെയും ബന്ധത്തിൽ വിള്ളൽ വീണതായുള്ള സൂചനകൾ ആദ്യമായി പുറത്തുവരുന്നത്. പാക്കിസ്ഥാനി മാധ്യമ പ്രവർത്തക മെഹർ തരാറിനെ ചൊല്ലി പ്രശ്നങ്ങളുണ്ടായി എന്നായിരുന്നു ചില വാർത്തകൾ. 2014 ജനുവരി 16ന്മെഹറും സുനന്ദയും ട്വിറ്ററിൽ പരസ്പരം ഏറ്റുമുട്ടി. തരൂർ സുഹൃത്തുമാത്രമാണെന്ന് മെഹറും തരൂരിനെ തട്ടിയെടുക്കാൻ വന്ന ഐഎസ് ചാരയാണ് മെഹറെന്ന് സുനന്ദയും ആരോപിച്ചു. ട്വിറ്റർ യുദ്ധത്തിന്റെ തൊട്ടടുത്ത ദിവസം തീർത്തും അപ്രതീക്ഷിതമായി 2014 ജനുവരി 17ന് ലീലാപാലസ് ഹോട്ടലിൽ സുനന്ദപുഷ്ക്കറിനെ മരിച്ച നിലയിൽ കണ്ടെത്തുന്നത്.
സുനന്ദയുടെ ശരീരത്തിൽ പരിക്കേറ്റ പാടുകളുണ്ടായിരുന്നത് തരൂരിനെ സംശയത്തിന്റെ നിഴലിൽ നിർത്തി. ഉറക്ക ഗുളിക അമിത അളവിൽ കഴിച്ചതാണ് സുനന്ദയെ മരണത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം. അസ്വഭാവിക മരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇതോടെ തരൂർ പ്രതികൂട്ടിലായി. സുനന്ദയുടെ പിതാവും സഹോദരനും മകനും ഉൾപ്പടെയുള്ള കുടുംബം തരൂരിനൊപ്പം നിന്നു.
എയിംസ് ആശുപത്രിയിലായിരുന്നു സുനന്ദയുടെ പോസ്റ്റ് മോർട്ടം നടന്നത്.
2014 ജൂലൈ രണ്ട് : പോസ്റ്റ് മോർട്ടം റിപ്പോട്ട് തിരുത്താൻ തനിക്കുമേൽ സമ്മർദ്ദം ഉണ്ടായിരുന്നതായി ആരോപിച്ച് സുനന്ദയെ പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ സുധീർ ഗുപ്ത രംഗത്തെത്തി. സുനന്ദയുടെ ശരീരത്തിൽ മുറിപ്പാടുകൾ ഉണ്ടായിരുന്നു എന്നാൽ അതൊന്നും മരണത്തിന് കാരണമല്ല. പക്ഷെ രണ്ട് പാടുകൾ ദുരൂഹതയുണർത്തുന്നതാണെന്നും ഡോക്ടർ മാധ്യമങ്ങളോട് വെളിപ്പെടുത്തി. ഇഞ്ചെക്ഷൻ വെച്ചതിന്റെ പാടും അടിയേറ്റതിന് സമാനമായ പാടിലുമാണ് ഡോക്ടർക്ക് സംശയം തോന്നിയത്.
2014 സെപ്റ്റംബർ 30 : എയിംസിലെ ഡോക്ടർമാരുടെ സംഘംആന്തരികാവയവങ്ങളുടെ പരിശോധന റിപ്പോർട്ട് ഡൽഹി പോലീസിന് സമർപ്പിച്ചു.
2014 ഒക്ടോബർ 10- പുതിയൊരു ഫോറൻസിക് റിപ്പോർട്ട് എയിംസിലെ ഡോക്ടർമാർ ഡൽഹി പോലീസിന് സമർപ്പിച്ചു.
2014 നവംബർ 9ന് ആരോപണവുമായി സുബ്രഹ്മണ്യം സ്വാമി എത്തി. സുനന്ദയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും റഷ്യൻ നിർമ്മിത വിഷം ഉപയോഗിച്ചിട്ടുണ്ടെന്നും സുബ്രഹ്മണ്യം സ്വാമി
2015 ജനുവരി 6 ഡൽഹി പോലീസ് കമ്മീഷ്ണർ ബിഎസ് ബഷി സുനന്ദ പുഷ്ക്കറിന്റേത് ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും വെളിപ്പെടുത്തി. ഡൽഹി പോലീസ് അജ്ഞാതർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.
2015 ഫെബ്രുവരി- സുനന്ദ പുഷ്ക്കറിന്റെ ആന്തരികാവയവങ്ങൾ വിദഗ്ദ്ധ പരിശോധനയ്ക്കായി ലണ്ടനിലേക്കയച്ചു.
2015 നവംബർ 10 സുനന്ദയുടെ ആന്തരികാവയവ പരിശോധനാ റിപ്പോർട്ട് എഫ്ബിഐ ഡൽഹി പോലീസിന് കൈമാറി. മരണകാരണമായ ഒന്നും കണ്ടെത്താനായില്ലെന്നായിരുന്നു റിപ്പോർട്ട്.
2015 നവംബർ- ഡൽഹി പോലീസ്അന്വേഷണത്തിന്റെ ഭാഗമായി മാധ്യമ പ്രവർത്തക നളിനി സിങ്ങിന്റെസഹായം തേടി.
സുനന്ദ മെഹർ തരാറും തരൂരും തമ്മിലുള്ള ബിബിഎം മെസേജുകൾവീണ്ടെടുക്കാൻനളിനി സിങ്ങിന്റെ സഹായം തേടിയിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
2016 ഫെബ്രുവരി : ഡൽഹി പോലീസ് പ്രത്യേക അന്വേഷണ സംഘംശശി തരൂരിനെ ചോദ്യം ചെയ്തു. മരുന്ന്അമിത അളവിൽ കഴിച്ചതാണ് സുനന്ദയെ മരണത്തിലേക്ക് നയിച്ചതെന്നായിരുന്നു തരൂരിന്റെ മൊഴി.
2016 മാർച്ച്: മെഹർ തരാർ ഡൽഹിയിലെത്തി മുതിർന്ന ഉദ്യോഗസ്ഥരെ കണ്ട് മരണത്തിൽ തനിക്ക് പങ്കില്ലെന്ന് വ്യക്താക്കി.
2017 ജൂലൈ ആറ് -അന്വേഷണവും വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് സുബ്രഹ്മണ്യം സ്വാമി ഡൽഹി ഹൈക്കോടതിയിലേക്ക്. കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും സ്വാമി ആവശ്യപ്പെട്ടു.
2017 ഒക്ടോബർ 26- സുബ്രഹ്മണ്യം സ്വാമിയുടെ ഹർജി ഹൈക്കോടതി തള്ളി. രാഷ്ട്രീയ താത്പര്യങ്ങളാണ് ഹർജിയ്ക്ക് പിന്നിലെന്ന് കോടതി.
2018 ജനുവരി 29 : എസ് ഐടി അന്വേഷണം ആവശ്യപ്പെട്ട് സുബ്രഹ്മണ്യം സ്വാമി ഹൈക്കോടതിയിൽ ഹർജി നൽകി.സുനന്ദയുടെ മരണം അസ്വഭാവികമാണെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി.
2018 മെയ് 15 തരൂരിനെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി ഡൽഹി പോലീസ്. 3000 പേജുള്ള കുറ്റപത്രത്തിൽ സുന്ദന ആത്മഹത്യ ചെയ്യാൻ തരൂരാണ് കാരണമെന്ന് ആരോപിച്ചിരുന്നു.
2021-ആഗസ്റ്റ് 18: നീണ്ട വാദത്തിനൊടുവിൽ തരൂർ കുറ്റവിമുക്തനാണെന്ന് കോടതി വിധിക്കുന്നു. കൊലപാതക കുറ്റം മാത്രമല്ല ആത്മഹത്യാപ്രേരണ കുറ്റമോ ഗാർഹിക പീഡനകുറ്റമോ നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി.
Content Highlight; Timeline of the Sunanda Pushkar Death Case