തൃശ്ശൂർ: കരുവന്നൂർ ബാങ്ക് വായ്പ്പാ തട്ടിപ്പ് കേസിൽ സിപിഎം പ്രാദേശിക തലത്തിൽ വീണ്ടും രാജി. മാടായിക്കോണം സ്കൂൾ സിപിഎം ബ്രാഞ്ച് സെക്രട്ടറി പി.വി. പ്രജീഷ്, ബ്രാഞ്ച് അംഗം കെ.ഐ. പ്രഭാകരൻ എന്നിവരാണ്ലോക്കൽ സെക്രട്ടറിക്ക്രാജിക്കത്ത് നൽകിയത്. ഒറ്റയാൾ സമരം നടത്തിയ സുജേഷ് കണ്ണാട്ടിനെ പുറത്താക്കിയതിൽ പ്രതിഷേധിച്ചാണ് രാജി.
ബാങ്ക് വായ്പ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് പാർട്ടി തലത്തിൽ കൃത്യമായ നടപടി എടുത്തിരുന്നില്ലെന്ന് ആരോപണം ഉയർന്നിരുന്നു. ഈ വിഷയത്തിൽ ബ്രാഞ്ച് യോഗങ്ങളിൽ ഉൾപ്പെടെ സുജേഷ് കണ്ണാട്ട് പ്രതിഷേധം ഉയർത്തിയിരുന്നു. തുടർന്ന് ആരോപണം ഉന്നയിച്ച സുജേഷ് കണ്ണാട്ടിനെതിരേ പാർട്ടി തലത്തിൽ നടപടി എടുത്തുകയും പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയ്തു. ഈ ഘട്ടത്തിലാണ് കൂടുതൽ പേർ സിപിഎമ്മിൽനിന്ന് രാജിവെയ്ക്കുന്നത്.
പാർട്ടി തലത്തിലുള്ള നടപടി കീഴ്ഘടകങ്ങൾക്കെതിരേ മാത്രമാണെന്ന ആരോപണം ശക്തമായിരിക്കുന്നതിനിടയിലാണ് രാജി. വിവിധ ബ്രാഞ്ച് കമ്മറ്റികളിൽ നിന്ന് കൂടുതൽ രാജി ഉണ്ടാകുമെന്നാണ് വിവരം. ഏകദേശം പത്തോളം പേരാണ് ഇതിനകം രാജിക്കത്ത് നൽകിയിട്ടുള്ളത്.
Content Highlights:Karuvannur Bank Scam, Resignation continue in CPM at local level