കോഴിക്കോട് > എംഎസ്എഫിന്റെ വനിത വിഭാഗമായ ഹരിതയുടെ നേതാക്കളെ ലൈംഗികമായി അധിക്ഷേപിച്ച വിഷയത്തിൽ നീതി ലഭിച്ചില്ലെന്ന് എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയ. ലീഗ് എംഎസ്എഫിനോട് കാണിച്ച നീതി ഹരിതയോട് കാണിച്ചില്ല. വനിതാ നേതാക്കളെ അധിക്ഷേപിച്ചവരോട് നടപടിയ്ക്ക് മുമ്പായി വിശദീകരണം തേടി. ഹരിതയ്ക്ക് ആ പരിഗണന ലഭിച്ചില്ല.
വനിത കമ്മീഷന് മുന്നിൽ പരാതിയുമായി ചെന്നത് അച്ചടക്ക ലംഘനമല്ല. അത് തെറ്റാണെന്ന് ഒരു നേതാവും പറയില്ല. പാർട്ടിയ്ക്ക് നൽകിയ പരാതിയിൽ നടപടിയെടുക്കാതെ വന്നപ്പോഴാണ് വനിത കമ്മീഷനിൽ പരാതി നൽകിയത്. എന്നാൽ വനിതാ നേതാക്കളെ അധിക്ഷേപിച്ചവർക്കെതിരെ നടപടിയെടുക്കാതെ പരാതി നൽകിയവരെയും തന്നെയും മോശമായ രീതിയിൽ വ്യക്തിഹത്യ ചെയ്യുകയാണുണ്ടായതെന്നും ഫാത്തിമ തഹ്ലിയ പറഞ്ഞു.
ലീഗ് നേതൃത്വത്തിന്റെയും എംഎസ്എഫ് നേതാക്കളുടെയും വാദങ്ങളൊക്കെ തള്ളിയാണ് ഫാത്തിമ തഹ്ലിയയുടെ വാർത്താസമ്മേളനം നടത്തിയത്. ഹരിതയുടെ സംസ്ഥാന ഭാരവാഹികളാണ് വനിതാ കമ്മീഷനിൽ പരാതി നലകിയത്. പാർട്ടിയുടെയും കമ്മീഷന്റെയും മുന്നിൽ മാത്രമാണ് അവർ പ്രശ്നങ്ങൾ തുറന്നുപറഞ്ഞത്. അത്ര മാത്രം പാർട്ടിയെ വിശ്വസിച്ചവരാണ് ഹരിതയുടെ സംസ്ഥാന ഭാരവാഹികൾ.
പി കെ നവാസ് ഉൾപ്പെടെയുള്ളവർക്ക് എതിരെ നൽകിയ പരാതി ലീഗിനും എംഎസ്എഫ് ദേശീയ കമ്മിറ്റിക്കും കൈമാറിയിരുന്നു. തുടർന്ന് ഇരുകൂട്ടരുടെയും വാദങ്ങൾ കേട്ട് തയ്യാറാക്കിയ ദേശീയ കമ്മിറ്റി റിപ്പോർട്ട് ലീഗ് നേതൃത്വത്തിന് നൽകി. നേതാക്കളെ നേരിൽ കണ്ട് പരാതിയും ബോധിപ്പിച്ചു. പന്നീട് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി എം എ സലാമിനെ നേതൃത്വം പരാതി ഏൽപ്പിച്ചു എന്നാണ് അറിഞ്ഞത്. വിഷയത്തിൽ പി എം എ സലാമും ഇരുക്കുട്ടരുടെയും വാദം കേട്ടിരുന്നു. ഈ യോഗങ്ങളിലെല്ലാം ഞാനും പങ്കെടുത്തതാണ്.
തുടർ നടപടികൾ വൈകിയപ്പോഴും പൊതുസമൂഹത്തിന് മുന്നിൽ ഹരിത ഈ വിഷയം എത്തിച്ചില്ല. നിരന്തരമായ അസ്വസ്ഥതകളും പ്രയാസങ്ങളും കാരണമാണ് വനിതാ കമ്മീഷന് പരാതി നൽകിയത്. അതിന്റെ പേരിൽ സമൂഹ മാധ്യമങ്ങളിൽ പരാതിക്കാരായ പെൺകുട്ടികളും ഞാനും ഇപ്പോഴും വ്യക്തിഹത്യയ്ക്ക് ഇരയാവുകയാണ്.
ഞങ്ങൾക്കെതിരെയുള്ള വ്യക്തിഹത്യ അവസാനിപ്പിക്കണം. സഹിക്കാവുന്നതിന്റെ അപ്പുറത്ത് നിൽക്കുമ്പോഴാണ് ഇങ്ങനെയൊരു പ്രതികരണം. വിശദീകരണം നൽകാൻ എംഎസ്എഫ് നേതാക്കൾക്ക് പാർട്ടി നൽകിയ രണ്ടാഴ്ച സമയം കാത്തിരിക്കാനാണ് നേതൃത്വം ആവശ്യപ്പെട്ടത്. പാർട്ടിയിലുള്ള പ്രതീക്ഷ ഇപ്പോഴും നഷ്ടമായിട്ടില്ല. അതുകൊണ്ടുതന്നെ ഇനിയും പാർട്ടി വേദികളിൽ നീതിയ്ക്കായി ഈ വിഷയം ഉന്നയിക്കുമെന്നും ഫാത്തിമ തഹ്ലിയ പറഞ്ഞു.