ന്യൂഡല്‍ഹി > കേരള ഹൈക്കോടതി ജഡ്ജി സി ടി രവികുമാർ അടക്കം ഒമ്പത് പുതിയ ജഡ്ജിമാരെ സുപ്രീംകോടതിയില്‍ നിയമിക്കാന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ കൊളീജിയം സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. പട്ടികയിൽ 3 പേർ വനിതാ ജഡ്ജിമാരാണ്.
ജസ്റ്റിസ് സി ടി രവികുമാര്‍ കേരള ഹൈക്കോടതിയിലെ സീനിയര്‍ ജഡ്ജിമാരില്‍ രണ്ടാമത്തെയാളാണ് . കര്‍ണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബി വി നാഗരത്ന, തെലങ്കാന ഹൈക്കോടതി ജഡ്ജി ഹിമ കോഹ്ലി, ഗുജറാത്ത് ഹൈക്കോടതി ജഡ്ജി ബേല ത്രിവേദി എന്നിവരാണ് കൊളീജിയം നിർദേശിച്ച വനിത ജഡ്ജിമാര്‍.
കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഓഖ, ഗുജറാത്ത് ചീഫ് ജസ്റ്റിസ് വിക്രം നാഥ്, സിക്കിം ചീഫ് ജസ്റ്റിസ് ജിതേന്ദ്രകുമാര്‍ മഹേശ്വരി, മദ്രാസ് ഹൈക്കോടതി ജഡ്ജി എം എം സുന്ദരേശ് എന്നിവരാണ് ശുപാര്‍ശ ചെയ്യപ്പെട്ടമറ്റ് ജഡ്ജിമാര്‍. മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പി എസ് നരസിംഹയെ നേരിട്ട് സുപ്രീംകോടതി ജഡ്ജിയാക്കാനും ശുപാർശ നല്‍കിയിട്ടുണ്ട്.
ചീഫ് ജസ്റ്റിസ് എന്‍ വി രമണ, ജഡ്ജിമാരായ യു യു ലളിത്, എ എം ഖാന്‍വില്‍ക്കര്‍, ഡി വൈ ചന്ദ്രചൂഡ്, എല്‍ നാഗേശ്വര റാവു എന്നിവരുള്‍പ്പെട്ട കൊളീജിയമാണ് ശുപാര്‍ശ നല്‍കിയത്. പുതിയ ജഡ്ജിമാരുടെ പട്ടിക കേന്ദ്ര നിയമമന്ത്രാലയത്തിന്റെ പരിഗണനയിലാണ്. ഇതാദ്യമായാണ് മൂന്നു വനിതാ ജഡ്ജിമാരെ കൊളീജിയം ഒരുമിച്ച് ശുപാര്‍ശ ചെയ്യുന്നത്.
രാജ്യത്തെ ഹൈക്കോടതി ജഡ്ജിമാരില്‍ ഏറ്റവും സീനിയറാണ് ജസ്റ്റിസ് അഭയ് ഓഖ. അതേസമയം സീനിയര്‍ ജഡ്ജിയായ ത്രിപുര ഹൈക്കോടതി ചീഫ് ജസ്റ്റിസ് അകില് ഖുറേഷി പട്ടികയില്‍ ഇല്ല. ഗുജറാത്ത് ഹൈക്കോടതി ജഡ്ജിയായിരിക്കെ സെഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷായെ പൊലീസ് കസ്റ്റഡിയില്‍ വിട്ടുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ച ജഡ്ജിയാണ് ജസ്റ്റിസ് അകില് അബ്ദുള്‍ ഹമീദ് ഖുറേഷി. ഖുറേഷിയെ നേരത്തെ മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആക്കണമെന്ന ശുപാര്‍ശയേയും കേന്ദ്രസര്‍ക്കാര്‍ എതിര്‍ത്തിരുന്നു.