ന്യൂഡൽഹി: മലങ്കര സഭാ തർക്കവുമായി ബന്ധപ്പെട്ട് ഓർത്തോഡോക്സ് വൈദികർക്കെതിരായ കോടതി അലക്ഷ്യ ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. മുൻ ചീഫ് സെക്രട്ടറി ടോം ജോസ്, മുൻ ഡിജിപി ലോക്നാഥ് ബെഹ്റ എന്നിവർക്കും ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. ഓർത്തോഡോക്സ് ബിഷപ്പ്മാരായ തോമസ് മാർ അതാനിയസോസ്, യൂഹന്നാൻ മാർ മിലിത്തിയോസ്, തോമസ് പോൾ റമ്പാൻ തുടങ്ങി 21 ഓർത്തോഡോക്സ് വൈദികർക്കാണ് സുപ്രീം കോടതി നോട്ടീസ് അയച്ചത്.
പഴമറ്റം സെന്റ് മേരീസ് പള്ളിയിലെ പോൾ വർഗീസ്, ജോണി ഇ.പി, കോതമംഗലം മാർത്തോമൻ ചെറിയ പള്ളിയിലെ കുഞ്ഞച്ചൻ എന്നിവരാണ് കോടതി അലക്ഷ്യ ഹർജി ഫയൽ ചെയ്തത്. 2017 ൽ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിൽ പറഞ്ഞിരിക്കുന്നതുപോലെ ബിഷപ്പുമാർ പള്ളി വികാരിമാർ ഉൾപ്പടെയുള്ളവരെ നിയമിക്കുന്നില്ലെന്ന് ആരോപിച്ചാണ് കോടതിയലക്ഷ്യ ഹർജി.
1934 ലെ സഭ ഭരണഘടന പാലിക്കാതെ പള്ളികളിൽനിന്ന് തങ്ങളുടെ പേരുകൾ നീക്കം ചെയ്യുന്നതായും ഹർജിക്കാർ ആരോപിക്കുന്നു. 2017ലെ സുപ്രീം കോടതി വിധി നടപ്പിലാക്കുന്നില്ലെന്ന് ആരോപിച്ച് ഓർത്തോഡോക്സ് വിഭാഗം നൽകിയ ഹർജികൾക്കൊപ്പം ഈ ഹർജിയും പരിഗണിക്കാമെന്ന് ജസ്റ്റിസ്മാരായ ഇന്ദിര ബാനർജി, വി രാമസ്വാമി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഹർജിക്കാർക്ക് വേണ്ടി സീനിയർ അഭിഭാഷകൻ സഞ്ജയ് പരേഖ്, അഭിഭാഷകൻ സനന്ദ് രാമകൃഷ്ണൻ എന്നിവർ ഹാജരായി.
കഴിഞ്ഞ വർഷം ജനുവരിയിൽ ഫയൽ ചെയ്ത കോടതി അലക്ഷ്യ ഹർജിയിൽ ഒന്നാം എതിർകക്ഷിയായി ചീഫ് സെക്രട്ടറി ആയിരുന്ന ടോം ജോസിനെയും രണ്ടാം എതിർകക്ഷിയായി മുൻ ഡിജിപി ലോക്നാഥ് ബെഹ്റയെയും ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇരുവരും വിരമിച്ചതിനെ തുടർന്ന് ഇവരെ എതിർകക്ഷികളുടെ പട്ടികയിൽനിന്ന് ഒഴിവാക്കി, നിലവിൽ പദവി വഹിക്കുന്നവരെ ഉൾപ്പെടുത്തിയേക്കും.
Content Highlights:Malankara church row: Supreme court sent Contempt of Court notice