ദുബായ്
ട്വന്റി–20 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം പാകിസ്ഥാനുമായി. ഒക്ടോബർ 24നാണ് മത്സരം. ഒക്ടോബർ 23നാണ് ലോകകപ്പിലെ സൂപ്പർ 12 മത്സരങ്ങൾക്ക് തുടക്കം. ഓസ്ട്രേലിയ–ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്–വെസ്റ്റിൻഡീസ് മത്സരങ്ങളാണ് ആദ്യദിനം. ഒരാഴ്ചമുമ്പ് യോഗ്യതാ മത്സരങ്ങൾ നടക്കും. യുഎഇയിലും ഒമാനിലുമായാണ് ലോകകപ്പ് മത്സരങ്ങൾ.
ദുബായിലാണ് ഇന്ത്യ–പാക് മത്സരം നടക്കുക. ഇന്ത്യൻ സമയം രാത്രി ഏഴരയ്ക്കാണ് മത്സരം. 31ന് ന്യൂസിലൻഡ്, നവംബർ മൂന്നിന് അഫ്ഗാനിസ്ഥാൻ എന്നിവയാണ് ഗ്രൂപ്പ് രണ്ടിൽ ഇന്ത്യയുടെ മറ്റ് മത്സരങ്ങൾ. യോഗ്യതാ റൗണ്ട് ജയിച്ചെത്തിയ രണ്ട് ടീമുകളുമായി നവംബർ അഞ്ച്, എട്ട് തീയതികളിലും ഏറ്റുമുട്ടും. സൂപ്പർ 12ൽ രണ്ട് ഗ്രൂപ്പുകളാണ്. ഗ്രൂപ്പ് ഒന്നിൽ ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, വെസ്റ്റിൻഡീസ്, യോഗ്യതാ റൗണ്ട് ജയിച്ച രണ്ട് ടീമുകൾ ഉൾപ്പെടുന്നു.
ഗ്രൂപ്പ് രണ്ടിൽ ഇന്ത്യ, പാകിസ്ഥാൻ, ന്യൂസിലൻഡ്, അഫ്ഗാനിസ്ഥാൻ ടീമുകളും രണ്ട് യോഗ്യതാ റൗണ്ട് ടീമുകളും.ഇരു ഗ്രൂപ്പുകളിലെയും മികച്ച രണ്ട് വീതം ടീമുകൾ സെമിയിലേക്ക് മുന്നേറും. ആദ്യ സെമി നവംബർ 10നും രണ്ടാം സെമി 11നും. നവംബർ 14ന് ദുബായിൽവച്ചാണ് ഫെെനൽ. മൂന്ന് മത്സരങ്ങൾക്കും റിസർവ് ദിനമുണ്ട്.