കാബൂൾ
അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം പിടിച്ചെടുത്തതോടെ കായികരംഗവും ഭീതിയിൽ. അഫ്ഗാനിസ്ഥാൻ വനിതാ ഫുട്ബോൾ ടീം മുൻതാരവും ഡയറക്ടറുമായിരുന്ന ഖാലിദ പോപാലാണ് ഒടുവിലായി രംഗത്തെത്തിയത്. അഫ്ഗാനിലെ പെൺകുട്ടികളുടെ സഹായത്തിനായുള്ള വിളികൾ ഹൃദയം തകർക്കുന്നതായി ഖാലിദ പ്രതികരിച്ചു. ആ നിലവിളികൾക്കുമുന്നിൽ ഉത്തരങ്ങളില്ലെന്ന് പോപൽ പറഞ്ഞു.
അഫ്ഗാൻ ഫുട്ബോൾ ടീം മുൻ ക്യാപ്റ്റനും ജൂനിയർ ടീമുകളുടെ പരിശീലകയുമായിരുന്ന ഖാലിദ 2016ൽ ഡെൻമാർക്കിൽ അഭയം തേടുകയായിരുന്നു. പരിശീലിപ്പിച്ച കുട്ടികളാണ് ജീവരക്ഷയ്ക്കായി ഖാലിദയെ വിളിക്കുന്നത്. ‘അവരോട് വീടുവിട്ട് ഓടിപ്പോകാനാണ് ഞാൻ പറഞ്ഞത്. ഫുട്ബോൾ കളിക്കാരെന്ന് അറിയുന്ന അയൽക്കാരിൽനിന്ന് രക്ഷ നേടണം. കളിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മായ്ച്ചുകളയാനും പറഞ്ഞു. എന്റെ ഹൃദയം തകർക്കുന്ന കാര്യങ്ങളാണ് ഇതൊക്കെ. ഞങ്ങൾ ഏറെക്കാലം പണിപ്പെട്ടാണ് പെൺകുട്ടികളെ പുറംലോകം കാണിച്ചത്. പക്ഷേ, ഇന്ന് എനിക്കുതന്നെ അവരോട് വായടയ്ക്കാനും ഓടിപ്പോകാനും പറയേണ്ടിവരുന്നു. കാരണം അവരുടെ ജീവിതം അത്രമേൽ അപകടത്തിലാണ്’– ഖാലിദ ഒരു അഭിമുഖത്തിൽ പറഞ്ഞു.
1996ലാണ് പോപലും കുടുംബവും താലിബാനെ ഭയന്ന് പലായനം ചെയ്തത്. പാകിസ്ഥാനിൽ അഭയാർഥികളായി എത്തി. രണ്ടുപതിറ്റാണ്ടിനുശേഷം കാബൂളിലേക്ക് തിരിച്ചെത്തുകയായിരുന്നു. രാജ്യാന്തര സമൂഹത്തിന്റെ പിന്തുണയോടെ ഫുട്ബോൾ ടീം രൂപീകരിച്ചു. പോപലും സുഹൃത്തുക്കളും ചേർന്ന് ഫുട്ബോൾ ലീഗുണ്ടാക്കി. 2011ൽ കളി നിർത്തി. തുടർന്ന് ടീം ഡയറക്ടറായി. ഭീഷണികൾ ഏറെയുണ്ടായി. പിന്നാലെ അവർ ഡെൻമാർക്കിലേക്ക് ചേക്കേറി.
ക്രിക്കറ്റ് ടീമും പ്രതിസന്ധിയിലാണ്. എന്നാൽ ഒക്ടോബറിൽ നടക്കുന്ന ട്വന്റി–20 ലോകകപ്പിൽ അഫ്ഗാൻ കളിക്കും. ഈമാസം 24ന് ടോക്യോയിൽ തുടങ്ങുന്ന പാരാലിമ്പിക്സിൽ പങ്കെടുക്കാനുള്ള അഫ്ഗാൻ കായികതാരങ്ങളുടെ പ്രതീക്ഷയും തീർന്നു. അത്ലീറ്റായ സാക്കിയ ഖുദദാദി പാരാലിമ്പിക്സിൽ പങ്കെടുക്കുന്ന ആദ്യ അഫ്ഗാൻ വനിതാതാരമാകാനുള്ള ഒരുക്കത്തിലായിരുന്നു. ഇനി ഖുദദാദിക്ക് മത്സരിക്കാനാകില്ല.