തിരുവനന്തപുരം: അഫ്ഗാനിസ്ഥാനിൽ കുടുങ്ങിപ്പോയ മലയാളികളെ സുരക്ഷിതമായി തിരിച്ചെത്തിക്കാൻ ഇടപെടണമെന്ന് കേരളം കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചു. അഫ്ഗാനിൽ കുടുങ്ങിയ 41 മലയാളികളെതിരികെയെത്തിക്കണമെന്ന് ആവശ്യപ്പെട്ട് നോർക്കയാണ് കത്തയച്ചിരിക്കുന്നത്.
അഫ്ഗാനിസ്ഥാനിൽ കുടുങ്ങിക്കിടക്കുന്ന സ്ത്രീകളും കുട്ടികളും അടക്കമുള്ളവരുടെ നിരവധി ഫോൺവിളികൾ വരുന്നുണ്ടെന്ന് കത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കുടുങ്ങിക്കിടക്കുന്നവരുടെ പാസ്പോർട്ടുകളും വിലപ്പെട്ട രേഖകളും താലിബാൻ പിടിച്ചെടുത്തതായി ചിലരുടെ സന്ദേശങ്ങളിൽ ഉണ്ടെന്നും കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.
അഫ്ഗാനിലെ മലയാളികളുടെ ജീവന് വലിയ ഭീഷണി നേരിടുന്ന സാഹചര്യത്തിൽ എത്രയും പെട്ടെന്ന് അവരെ സുരക്ഷിതമായി തിരികെയെത്തിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കത്തിൽ പറയുന്നു.
Content Highlights:Kerala govt urges MEA to evacuate 41 Malayalees stranded in Afghanistan