കോഴിക്കോട് > എംഎസ്എഫ് നേതാക്കൾക്കെതിരെ വനിതാ കമ്മീഷനിൽ പരാതി നൽകിയ ഹരിതയ്ക്കെതിരെ നടപടി. ഹരിത സംസ്ഥാന കമ്മിറ്റിയെ മരവിപ്പിച്ചതായി ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം അറിയിച്ചു. പരാതി പിൻവലിക്കണമെന്ന് ലീഗ് നേതാക്കൾ ‘ഹരിത’ ഭാരവാഹികൾക്ക് അന്ത്യശാസനം നൽകിയിരുന്നു. എന്നാൽ പ്രശ്നം പരിഹരിക്കാൻ ലീഗ് നേതൃത്വം നടത്തിയ ചർച്ചകൾ ഫലം കാണതെ വന്നതോടെയാണ് അച്ചടക്ക നടപടി.
അതിനിടെ, സംസ്ഥാന പ്രസിഡന്റിനെതിരെ നടപടി വേണമെന്ന് എംഎസ്എഫ് ദേശീയ കമ്മിറ്റി ശുപാർശ ചെയ്തു. സ്ത്രീത്വത്തെ അപമാനിച്ച മറ്റുള്ളവർക്കെതിരെയും സമൂഹത്തിന് സ്വീകാര്യമായ രീതിയിൽ നടപടി വേണമെന്ന് എംഎസ്എഫ് ദേശീയ അധ്യഷൻ ടി പി അഷറഫലി ഒപ്പുവെച്ച റിപ്പോർട്ടിൽ പറയുന്നു. ഹരിത നേതാക്കളുടെ നവമാധ്യമ ഇടപെടലുകൾ സംഘടനാപരമായി തെറ്റാണെന്നും റിപ്പോർട്ടിലുണ്ട്. റിപ്പോർട്ട് ലീഗ് നേതൃത്വത്തിന് കൈമാറി. വിഷയത്തിൽ എംഎസ്എഫ് നേതാക്കളോട് ലീഗ് വിശദീകരണം തേടും. രണ്ടാഴ്ചയ്ക്കകം മറുപടി നല്കണം.
കോഴിക്കോട് നടന്ന എംഎസ്എഫ് യോഗത്തില് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് ഹരിത ഭാരവാഹികളോട് മോശമായി സംസാരിച്ചിരുന്നു. ഇതേതുടർന്ന് ലീഗിന് പരാതി നല്കിയിട്ടും നടപടിയെടുക്കാതെ വന്നതോടെ ഹരിതയിലെ പത്ത് പെണ്കുട്ടികള് ചേർന്ന് വനിതാ കമ്മീഷനില് പരാതി നൽകുകയായിരുന്നു. വനിതാ നേതാക്കളെ അനുനയിപ്പിക്കാൻ ലീഗ് ശ്രമം നടത്തിയെങ്കിലും ലൈംഗിക അധിക്ഷേപം നടത്തിയവര്ക്കെതിരെ നടപടി എടുക്കാതെ ഒത്തുതീര്പ്പിനില്ലെന്നായിരുന്നു ഹരിതയുടെ നിലപാട്.
എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്, മലപ്പുറം ജില്ലാ പ്രസിഡന്റ് കബീര് മുതുപറമ്പ്, ജില്ലാ ജനറല് സെക്രട്ടറി വി എ അബ്ദുള് വഹാബ് എന്നിവര്ക്കെതിരേയാണ് വനിതാ കമ്മീഷന് പരാതി നല്കിയത്. മകൾ ആഷിഖ ഖാനത്തിനെതിരെ അപവാദ പ്രചരണം നടത്തിയവർക്കെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് എടയൂർ പഞ്ചായത്ത് മുസ്ലിംലീഗ് സെക്രട്ടറി ബഷീർ കലമ്പൻ
ലീഗ് വിട്ടിരുന്നു.