മലപ്പുറം > മകൾക്കെതിരെ അപവാദ പ്രചരണം നടത്തിയ എംഎസ്എഫ് നേതാവിനെതിരെ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് ഹരിത നേതാവിന്റെ പിതാവ് മുസ്ലിംലീഗ് പഞ്ചായത്ത് സെക്രട്ടറി സ്ഥാനം രാജിവച്ചു. എടയൂർ പഞ്ചായത്ത് മുസ്ലിംലീഗ് സെക്രട്ടറി ബഷീർ കലമ്പനാണ് മകൾ ആഷിഖ ഖാനത്തെ അപമാനിച്ചതിൽ മനംനൊന്ത് ലീഗ് വിട്ടത്.
കഴിഞ്ഞ ജൂണിൽ ആഷിഖ ഖാനത്തെ ഹരിത മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറിയായി സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുത്തിരുന്നു. എന്നാൽ, ലീഗ്, എംഎസ്എഫ് ജില്ലാ നേതൃത്വം ഇത് അട്ടിമറിച്ചു. പിതാവ് ബഷീർ രാഷ്ട്രീയം വിലക്കിയതുകൊണ്ടാണ് ആഷിഖയെ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയതെന്നായിരുന്നു എംഎസ്എഫ് ജില്ലാ പ്രസിഡന്റ് കബീർ മുതുപറമ്പിന്റെ വിശദീകരണം. ഇതിനെതിരെ ബഷീർ ഫേസ്ബുക്ക് കുറിപ്പിട്ടു. തുടർന്നാണ് കബീറിന്റെ നേതൃത്വത്തിൽ ആഷിഖക്കെതിരെ സമൂഹമാധ്യമങ്ങളിൽ അപവാദപ്രചരണം തുടങ്ങിയത്.
ഇതിനെതിരെ ലീഗ് ജില്ലാ പ്രസിഡന്റ് പി എം സാദിഖലി ശിഹാബ് തങ്ങൾക്ക് നേരിട്ടും മറ്റു നേതാക്കൾക്ക് ഇ–-മെയിൽ വഴിയും ബഷീർ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഇതിനിടയിലാണ് മകളെ മോശമായി ചിത്രീകരിക്കുന്ന എംഎസ്എഫ് ജില്ലാ പ്രസിഡന്റിന്റെ മറ്റൊരു ശബ്ദ സന്ദേശം ചാനലിലൂടെ പുറത്തുവന്നത്. തുടർന്നാണ് രാജി.
സ്വന്തം മക്കളുടെ മാനത്തിന് വില പറയുന്നവരെ പോലും താങ്ങുന്ന നേതൃത്വത്തിന് കീഴിൽ ഇനിയും ഈ കൊടി പിടിക്കാൻ ലജ്ജയുണ്ടെന്ന് ഫേസ്ബുക്ക് കുറിപ്പിൽ ബഷീർ വ്യക്തമാക്കി.