അഹമ്മദാബാദ് > അഫ്ഗാനിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായുള്ള ആദ്യ വിമാനം ഗുജറാത്തിലെ ജാംനഗർ വിമാനത്താവളത്തിൽ എത്തി. കാബൂളിൽ നിന്ന് 120 പേരുമായാണ് വ്യോമസേനയുടെ സി‐17 ഗ്ലോബ്സ്റ്റാർ വിമാനം ഇന്ത്യയിലെത്തിയത്.
അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം താലിബാൻ പിടിച്ചെടുത്തതിന് പിന്നാലെ രാജ്യത്തുനിന്ന് പുറത്ത് കടക്കാൻ ജനങ്ങൾ തിക്കിത്തിരക്കിയതിനാൽ കാബൂൾ വിമാനത്താവളം താൽകാലികമായി തിങ്കളാഴ്ച അടച്ചിരുന്നു. വിമാനത്താവളം തുറന്നതിന് പിന്നാലെയാണ് ഉദ്യോഗസ്ഥരെ ഒഴിപ്പിച്ചത്.
അഫ്ഗാനിസ്ഥാനിൽ തുടരുന്ന ഇന്ത്യക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായാണ് വിവരം. ഇവരിൽ മടങ്ങിവരാൻ ആഗ്രഹിക്കുന്നവരെ രണ്ട് ദിവസത്തിനകം ഇന്ത്യയിലെത്തിക്കും. അതിനായി എമർജൻസി വിസ സൗകര്യം എർപ്പെടുത്തുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. നിലവിൽ കാബൂൾ വിമാനത്താവളത്തിന്റെ നിയന്ത്രണം അമേരിക്കയ്ക്കാണ്. പൗരന്മാരെ തിരികെയെത്തിക്കാൻ ഇന്ത്യ അമേരിക്കൻ സഹായം തേടിയിരുന്നു.
അതിനിടെ എല്ലാ സർക്കാർ ജീവനക്കാർക്കും താലിബാൻ പൊതുമാപ്പ് പ്രഖ്യാപിച്ചു. ജീവനക്കാർ അവരവരുടെ ജോലികളിലേക്ക് മടങ്ങിയെത്തണമെന്നാണ് താലിബാന്റെ ആഹ്വാനം.