ആരോഗ്യ പ്രശ്നങ്ങളെ തുടർന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും കോടിയേരി മാറി നിന്നത്. മകൻ ബിനീഷ് കോടിയേരിയുമായി ബന്ധപ്പെട്ട ആരോപണങ്ങളും കാരണമായി. ഇടതുപക്ഷത്തിന് തുടർഭരണം ലഭിക്കുകയും തെരഞ്ഞെടുപ്പിൽ
സിപിഎം മികച്ച നേട്ടമുണ്ടാക്കുകയും ചെയ്ത സാഹചര്യത്തിലണ് സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി മടങ്ങിയെത്താനുള്ള കളമൊരുങ്ങുന്നത്.
2020 നവംബറിൽ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് കോടിയേരി മാറി നിന്നതോടെ എ വിജയരാഘവനാണ് ആക്ടിങ് സെക്രട്ടറിയായി തുടരുന്നത്. ഇത്തവണത്തെ സിപിഎം സംസ്ഥാന സമ്മേളനം ഫെബ്രുവരിയിൽ എറണാകുളത്ത് നടക്കും. അടുത്ത വർഷം നടക്കുന്ന സിപിഎം പാർട്ടി കോൺഗ്രസിനോട് മുന്നോടിയായിട്ടാണ് സംസ്ഥാന സമ്മേളനം നടക്കുക. ഈ സാഹചര്യത്തിലാണ് കോടിയേരി ബാലകൃഷ്ണനെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മടക്കിക്കൊണ്ടു വരുന്നത്.
സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള പാർട്ടി ബ്രാഞ്ച് സമ്മേളനങ്ങൾ സെപ്റ്റംബർ 15 മുതൽ നടക്കും. ജില്ലാ സമ്മേളനങ്ങൾ ജനുവരിയിലാകും നടക്കുക. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ നിന്ന് റാലികളും പൊതു യോഗങ്ങളും ഒഴിവാക്കും. സമ്മേളനം നടക്കുന്ന ഹാളുകളിൽ കൊവിഡ് മാർഗനിർദേശങ്ങൾ കർശനമായി പാലിക്കും.