തിരുവനന്തപുരം: സോളാർ പീഡനക്കേസ് സിബിഐ ഏറ്റെടുത്തു. കോൺഗ്രസ് നേതാക്കളും ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി അബ്ദുള്ളക്കുട്ടിയും പ്രതികളായ ആറ് കേസുകളാണ് സിബിഐ ഏറ്റെടുത്തിരിക്കുന്നത്. ഉമ്മൻ ചാണ്ടി, കെ.സി. വേണുഗോപാൽ, എ.പി. അനിൽകുമാർ, ഹൈബി ഈഡൻ, അടൂർ പ്രകാശ്, എ.പി അബ്ദുള്ളക്കുട്ടി എന്നവരാണ് പ്രതിപ്പട്ടികയിലുള്ളത്. ഇവരെ പ്രതികളാക്കി സിബിഐകോടതിയിൽ എഫ്ഐആർ സമർപ്പിച്ചു.
സോളാർ പീഡനവുമായി ബന്ധപ്പെട്ട് ഇര മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ കോൺഗ്രസ് നേതാക്കൾ അടക്കമുള്ളവർക്കെതിരേ ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷിച്ചിരുന്നു. ഫ്രെബുവരി 24നാണ് സംസ്ഥാന സർക്കാർ പീഡന പരാതി സംബന്ധിച്ച അന്വേഷണം സിബിഐക്ക് വിട്ടത്. ആറ് കേസുകളാണ് സിബിഐക്ക് വിടാൻക്രൈംബ്രാഞ്ച് സർക്കാരിന് ശുപാർശ ചെയ്തത്.
ഉമ്മൻ ചാണ്ടി, കെ.സി. വേണുഗോപാൽ, എ.പി. അനിൽകുമാർ, ഹൈബി ഈഡൻ, അടൂർ പ്രകാശ്, എ.പി അബ്ദുള്ളകുട്ടി തുടങ്ങിയ നേതാക്കൾക്കെതിരേയാണ് ക്രൈംബ്രാഞ്ച് എഫ്ഐആർ ഇട്ടിരുന്നത്. ഇതിൽ ഉമ്മൻ ചാണ്ടിക്ക് എതിരായ കേസിൽ തെളിവില്ല എന്ന തരത്തിലായിരുന്നു ക്രൈംബ്രാഞ്ച് സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നത്. ഈ കേസടക്കമാണ് സിബിഐ ഏറ്റെടുത്തിരിക്കുകയാണ്.
Content Highlights: CBI has taken over sexual harassment case in solar scam