തിരുവനന്തപുരം
ഒന്നാം വർഷ ഹയർ സെക്കൻഡറി പ്രവേശനത്തിന്റെ അപേക്ഷ ഓണ അവധിക്ക് ശേഷം 24 മുതൽ സ്വീകരിക്കും. കരട് പ്രോസ്പെക്ടസ് അഞ്ച് ഭേദഗതിയോടെ സർക്കാർ അംഗീകരിച്ചു. ഇത് ചൊവ്വാഴ്ച പ്രസിദ്ധീകരിച്ചേക്കും. ഹയർ സെക്കൻഡറി പ്രവേശനത്തിന് കണക്കാക്കാവുന്ന പരമാവധി ബോണസ് പോയിന്റ് 10 ആയി നിജപ്പെടുത്തും. നീന്തൽ, ജവാന്മാരുടെ മക്കൾ ഉൾപ്പെടെ പ്രത്യേക ഘടകത്തെ ഒഴിവാക്കില്ല. എയ്ഡഡ് സ്കൂളുകളിലെ 30 ശതമാനം സംവരണത്തിൽ 20 ശതമാനം മാനേജ്മെന്റ് ക്വോട്ടയാണ്.ബാക്കി 10 ശതമാനത്തിൽ അതത് സമുദായത്തിൽപ്പെട്ട വിദ്യാർഥികൾക്ക് മെരിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം നൽകണം.
നിലവിലുള്ള എല്ലാ സംവരണത്തിനും ഒപ്പം മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്കും 10 ശതമാനം സംവരണം തുടരും. 20,000 സീറ്റ് മുന്നോക്ക സംവരണ വിഭാഗക്കാർക്കും ലഭിക്കും. പരീക്ഷ ജയിച്ച എല്ലാവർക്കും പ്രവേശനം ഉറപ്പാക്കുന്നതിന് വടക്കൻ ജില്ലകളിൽ 20 ശതമാനവും തെക്കൻ ജില്ലകളിൽ 10 ശതമാനവും സീറ്റ് വർധിപ്പിച്ചിരുന്നു. കൂടുതൽ സീറ്റ് വേണ്ടിവന്നാൽ പരിശോധിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചിട്ടുണ്ട്.