തൃശൂർ
പറന്നെത്തിയ മയിലിടിച്ച് നിയന്ത്രണംവിട്ട ബൈക്ക് മറ്റൊരു ബൈക്കിലിടിച്ചു മറിഞ്ഞ് യാത്രികൻ മരിച്ചു. പുന്നയൂർക്കുളം പീടികപ്പറമ്പിൽ മോഹനന്റെ മകൻ പ്രമോഷ് (34) ആണ് മരിച്ചത്. ഭാര്യ വീണയെയും (26) രണ്ടാമത്തെ ബൈക്ക് യാത്രികൻ വാടാനപ്പള്ളി നടുവിൽക്കര വടക്കൻവീട്ടിൽ മോഹനന്റെ മകൻ ധനേഷിനെയും (37) പരിക്കുകളോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്കിടിച്ച് മയിലും ചത്തു.
തിങ്കളാഴ്ച രാവിലെ എട്ടേകാലോടെ അയ്യന്തോൾ -പുഴയ്ക്കൽ റോഡിൽ പഞ്ചിക്കലിലെ ബിവറേജസ് ഔട്ട്ലെറ്റിന് മുന്നിലാണ് അപകടം. മയിൽ നെഞ്ചിലിടിച്ചതോടെ പ്രമോഷിന്റെ ബൈക്ക് നിയന്ത്രണം വിട്ട് ധനേഷിന്റെ ബൈക്കിലിടിച്ചശേഷം സമീപത്തെ മതിലിലിടിക്കുകയായിരുന്നു. മാരാർ റോഡിലെ സ്വകാര്യ ബാങ്ക് ജീവനക്കാരനാണ് പ്രമോഷ്. നാലുമാസം മുമ്പായിരുന്നു വീണയുമായുള്ള വിവാഹം. പ്രമീളയാണ് പ്രമോഷിന്റെ അമ്മ. സഹോദരങ്ങൾ: ശരൺ, പ്രസീത.
പ്രമോഷിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ചൊവ്വാഴ്ച പകൽ രണ്ടിന് വീട്ടുവളപ്പിൽ സംസ്കരിക്കും. മയിലിന്റെ ജഡം വനംവകുപ്പ് ഉദ്യോഗസ്ഥർ കൊണ്ടുപോയി.