കൊച്ചി
രാഷ്ട്രീയം, പത്രപ്രവർത്തനം, ഭരണം ഉൾപ്പെടെ ഏത് മേഖലയിലായാലും നീതിയുക്തമായ പ്രവർത്തനം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓരോ മേഖലയിലും നീതിയുടെ കാഴ്ചപ്പാട് ഉയർത്തിപ്പിടിക്കണം. എങ്കിൽമാത്രമേ ജനാധിപത്യം വിഭാവനം ചെയ്യുന്ന തരത്തിൽ ഏറ്റവും താഴേത്തട്ടിലുള്ള മനുഷ്യരിലേക്ക് ഗുണഫലം എത്തിച്ചേരുകയുള്ളൂ. അത്തരത്തിലുള്ള ഓർമപ്പെടുത്തലുകൾക്കുള്ള പ്രചോദനംകൂടിയാണ് അഡ്വ. എം കെ ദാമോദരന്റെ സ്മരണയെന്നും മുഖ്യമന്ത്രി പറഞ്ഞു. എം കെ ദാമോദരൻ മെമ്മോറിയൽ വെബിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പഠനകാലത്ത് വിമോചനസമരത്തിന് എതിരെയുള്ള പ്രവർത്തനത്തിൽ എം കെ ദാമോദരൻ പങ്കാളിയായി. സത്യത്തിനും നീതിക്കുംവേണ്ടി ജീവിതത്തിൽ ഉടനീളം പോരാടി. ജനപക്ഷ അഭിഭാഷകനായിരുന്നു. വാദങ്ങളിലൂടെ നീതിന്യായരംഗത്ത് പുതിയ വീക്ഷണത്തിന്റെ വെളിച്ചം പകർന്നു. കമ്യൂണിസ്റ്റ് പ്രസ്ഥാനവും പ്രവർത്തകരും വേട്ടയാടപ്പെട്ടപ്പോൾ നീതി നേടിക്കൊടുക്കുക എന്നത് അർപ്പണബോധത്തോടെയുള്ള ജീവിതചര്യയാക്കി അദ്ദേഹം മാറ്റിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
എറണാകുളത്ത് എം കെ ദാമോദരൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച വെബിനാറിൽ ജസ്റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്ണൻ അധ്യക്ഷനായി. അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ മുഖ്യപ്രഭാഷണം നടത്തി. എം കെ ദാമോദരൻ ഫൗണ്ടേഷൻ പ്രസിഡന്റ് കെ കെ രവീന്ദ്രനാഥ്, ഹൈക്കോർട്ട് അഡ്വക്കറ്റ്സ് അസോസിയേഷൻ പ്രസിഡന്റ് തോമസ് എബ്രഹാം, ഫൗണ്ടേഷൻ സെക്രട്ടറി എം ശശീന്ദ്രൻ എന്നിവർ സംസാരിച്ചു.