മലപ്പുറം
എംഎസ്എഫ് നേതാക്കൾക്കെതിരെ വനിതാ വിഭാഗമായ ‘ഹരിത’യുടെ ഭാരവാഹികൾ വനിതാ കമീഷനിൽ നൽകിയ പരാതി 24 മണിക്കൂറിനകം പിൻവലിക്കണമെന്ന് മുസ്ലിംലീഗ്. അല്ലെങ്കിൽ കടുത്ത തീരുമാനമുണ്ടാകുമെന്നും ഭീഷണി. ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, പ്രവർത്തകസമിതി അംഗം പി എം സാദിഖലി തങ്ങൾ എന്നിവർ ഹരിത ഭാരവാഹികളുമായി ഫോണിൽ സംസാരിച്ചു.
‘പാർടിയെ ഗൺ പോയിന്റിൽ നിർത്താൻ’ അനുവദിക്കില്ലെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ ഭീഷണി. പരാതി പിൻവലിച്ചാലേ ചർച്ചയുള്ളൂവെന്ന് സാദിഖലി തങ്ങളും അറിയിച്ചു. നടപടിയെടുത്താൽ കടുത്ത തീരുമാനങ്ങളിലേക്ക് കടക്കുമെന്ന് ഹരിത ഭാരവാഹികളും തിരിച്ചടിച്ചു. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിന്റെയും മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി വി അബ്ദുൾ വഹാബിന്റെയും അശ്ലീല പരാമർശങ്ങൾക്കെതിരെയാണ് ഹരിത പരാതിപ്പെട്ടത്. എംഎസ്എഫ് സംസ്ഥാന കമ്മിറ്റിയിലാണ് അവഹേളനം. ഹരിത നേതാക്കൾ പ്രസവിക്കാൻ ഇഷ്ടപ്പെടാത്ത ഒരുതരം ഫെമിനിസ്റ്റുകളാണെന്നായിരുന്നു പരാമർശം. വേശ്യകളോട് ഉപമിച്ചതും വിവാദമായി. പരാതിയിൽ കോഴിക്കോട് സിറ്റി സ്പെഷ്യൽ ബ്രാഞ്ച് പ്രാഥമിക അന്വേഷണം തുടങ്ങി. അതിനിടെയാണ് ലീഗ് നേതൃത്വത്തിന്റെ സമ്മർദ തന്ത്രം. മാസങ്ങൾക്കുമുമ്പ് ലീഗ് സംസ്ഥാന നേതൃത്വത്തിന് ഹരിത പരാതി നൽകിയെങ്കിലും ഗൗനിച്ചിരുന്നില്ല.