തിരുവനന്തപുരം
കോവിഡ് കാലത്തെ സാമ്പത്തിക പ്രയാസങ്ങൾ പരിഗണിച്ച് കേരള ഫിനാൻഷ്യൽ കോർപറേഷന്റെ വായ്പാ കുടിശ്ശികയിൽ 50 ശതമാനംവരെ ഇളവ്. ബാധ്യതകളെ വിവിധ തരമാക്കിയാണ് ഇളവ്. തീർപ്പാക്കൽ സുതാര്യമാക്കാൻ മുൻ ജില്ലാ ജഡ്ജിയുടെ നേതൃത്വത്തിൽ ഉപസമിതിയെ നിയോഗിച്ചു.
നിഷ്ക്രിയ ആസ്തിയായി നാലുവർഷംവരെയായ വായ്പയുടെ പലിശ 9.5 ശതമാനമാക്കി. പ്രതിമാസ കൂട്ടുപലിശ, പിഴപ്പലിശ തുടങ്ങിയവ ഒഴിവാക്കും. ഒറ്റത്തവണ തീർപ്പാക്കലിലൂടെ നിലവിലുള്ള ബാധ്യതയുടെ പകുതിയിലേറെ വായ്പക്കാരന് ഒഴിവാകും.
2011–-16 കാലയളവിൽ സംസ്ഥാന സംരംഭക വികസന പദ്ധതിയിൽ അനുവദിച്ച വായ്പകളിലെ മുതൽ അടച്ച് ബാധ്യത തീർക്കാം. തുക അടയ്ക്കാൻ ഡിസംബർ 31 വരെ അനുവദിക്കും. നവംബർ 30നകം തുക അടയ്ക്കുന്നവർക്ക് 10 ശതമാനം അധിക പലിശ ഇളവുണ്ട്.
ജൂൺ 30ന് നിഷ്ക്രിയ ആസ്തിയായി രേഖപ്പെടുത്തിയ വായ്പകളെല്ലാം സെപ്തംബറിലെ അദാലത്തിൽ ഉൾപ്പെടുത്തും. പങ്കെടുക്കാൻ 24 മുതൽ അപേക്ഷിക്കാമെന്ന് കെഎഫ്സി സിഎംഡി സഞ്ജയ് കൗൾ പറഞ്ഞു.