ലോർഡ്സ്
കളിയാക്കിയവർക്കും എറിഞ്ഞുവീഴ്ത്താൻ ശ്രമിച്ചവർക്കുംമുന്നിൽ ജസ്പ്രീത് ബുമ്ര തീക്കാറ്റായി. ആദ്യം ബാറ്റുകൊണ്ട്, പിന്നെ പന്തുകൊണ്ടും ബുമ്ര ഇംഗ്ലീഷുകാരെ വിറപ്പിച്ചു. . ബുമ്രയ്ക്ക് പിന്നാലെ മുഹമ്മദ് സിറാജും മുഹമ്മദ് ഷമിയും ഇശാന്ത് ശർമയുംകൊളുത്തിവിട്ട കൊടുങ്കാറ്റിൽ ലോർഡ്സ് വിറച്ചു.ഇംഗ്ലണ്ട് തകർന്നുവീണു. മൂളിപ്പറന്ന പന്തിൽ ഇംഗ്ലീഷ് ക്യാപ്റ്റൻ ജോ റൂട്ടുപോലും നമിച്ചു. ലോർഡ്സിലെ അഞ്ചാംദിനം ഇംഗ്ലീഷുകാരുടെ പേടിസ്വപ്നമായി അവസാനിക്കുകയായിരുന്നു. രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് 151 റണ്ണിന്റെ അതിമനോഹര ജയം.
272 റൺ ലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് കളി അവസാനിക്കാൻ എട്ടോവർ മാത്രം ശേഷിക്കെ 120ന് കൂടാരം കയറി. അഞ്ചാംദിനം ബുമ്രയും ഷമിയും നടത്തിയ മികച്ച ബാറ്റിങ് പ്രകടനം കളിയിൽ വഴിത്തിരിവായി. ഇരുവരുടെയും മികവിൽ എട്ടിന് 298 റണ്ണാണ് ഇന്ത്യ നേടിയത്. നാല് വിക്കറ്റുമായി മുഹമ്മദ് സിറാജ് ഇംഗ്ലീഷ് ബാറ്റിങ് നിരയെ പിഴുതപ്പോൾ മൂന്ന് വിക്കറ്റുമായി ബുമ്രയും രണ്ട് വിക്കറ്റെടുത്ത ഇശാന്തും ഒരു വിക്കറ്റോടെ മുഹമ്മദ് ഷമിയും ആവേശം പടർത്തി.
നാലാംദിനം 6–181 റണ്ണെന്നനിലയിൽ ഇന്ത്യ തകർന്നപ്പോൾ ജയമായിരുന്നു റൂട്ടിന്റെ മനസ്സിൽ. വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനെ വേഗം മടക്കിയാൽ കളി എളുപ്പത്തിൽ പിടിക്കാമെന്നായി കണക്കുകൂട്ടൽ. പ്രതീക്ഷിച്ചപോലെ പന്തിനെ (22) വേഗത്തിൽ കിട്ടി. ഒല്ലീ റോബിൻസൺ വീഴ്ത്തി. സ്കോർ 7–194. ലീഡ് വെറും 167. ശേഷിക്കുന്നത് ബൗളർമാർ മാത്രം. പരിചയസമ്പന്നനായ ഇശാന്ത് ശർമ (16) സ്കോർ 209ലും മടങ്ങി. ഇംഗ്ലീഷുകാർ ആഹ്ലാദത്തിലായി. ഷമിയും ബുമ്രയും ആ ചിരി മായ്ച്ചു. ഒരു ദിവസംമുമ്പ് അവരുടെ പേസർ ജയിംസ് ആൻഡേഴ്സണെ ബൗൺസറുകൾകൊണ്ട് ഭയപ്പെടുത്തിയ ബുമ്രയെ അവർ നോട്ടമിട്ടിരുന്നു. ഓരോ പന്തെറിഞ്ഞും അവർ ബുമ്രയ്ക്കുനേരെ കയർത്തു. പരിഹസിച്ചു.
റൂട്ടും ബട്-ലറും ഹസീബ് ഹമീദു മാർക്ക് വുഡുമെല്ലാം രംഗത്ത്. ഇടയ്ക്ക് വുഡിന്റെ ബൗൺസർ ഹെൽമെറ്റിൽ പതിച്ചു. അമ്പയർമാരോട് പരാതി. പക്ഷേ, കാര്യമുണ്ടായില്ല. ബുമ്രയും ഷമിയും വിട്ടുകൊടുത്തില്ല. ഓരോ റണ്ണിലും അവർ എതിരാളികളെ അസ്വസ്ഥപ്പെടുത്തി. റൂട്ടിന്റെ മുഖത്ത് നിരാശ നിറഞ്ഞു. ഉച്ചഭക്ഷണത്തിനുശേഷവും ബാറ്റിങ് തുടർന്ന ഈ സഖ്യം ഇംഗ്ലണ്ടിന്റെ മനോവീര്യം പൂർണമായും തകർത്തു. ആൻഡേഴ്സൺ വിക്കറ്റില്ലാതെ അവസാനിപ്പിച്ചു. ഇന്ത്യ 8–298 റണ്ണിന് ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയും ചെയ്തു.
മറുപടിക്കെത്തിയ ഇംഗ്ലണ്ട് നിലയുറപ്പിക്കുംമുമ്പ് ഓപ്പണർമാർ മടങ്ങി. ആദ്യ ഓവറിൽ റോറി ബേൺസിനെ ബുമ്ര മുഹമ്മദ് സിറാജിന്റെ കെെകളിലെത്തിച്ചു. ഷമി മറുവശം തകർത്തു. ഡോം സിബ്-ലിയെ മടക്കി. രണ്ടുപേർക്കും സ്കോർബോർഡ് തുറക്കാനായില്ല. റൂട്ട് ഒരറ്റം കാത്തു. ഹസീബ് ഹമീദിനെ (9) പുറത്താക്കി ഇശാന്ത് വരവറിയിച്ചു. ചായക്ക് പിരിയുന്നതിന് തൊട്ടുമുമ്പ് ജോണി ബെയർസ്റ്റോയും (2) ഇശാന്തിനുമുന്നിൽ കുരുങ്ങി. ചായ കഴിഞ്ഞുള്ള ആദ്യ ഓവറിൽ ബുമ്ര കൊടുങ്കാറ്റായി. റൂട്ടിന്റെ (33) വേരറുത്താണ് മടങ്ങിയത്. കോഹ്-ലിക്ക് ക്യാച്ച്. പിന്നാലെ ബട്ലറെ പുറത്താക്കാനുള്ള അവസരം കോഹ്ലി പാഴാക്കി. തുടർച്ചയായ പന്തുകളിൽ മൊയീൻ അലിയെയും (13) സാം കറനെയും (0) പുറത്താക്കി മുഹമ്മദ് സിറാജ് വീണ്ടും ആവേശം നിറച്ചു. ഒരറ്റത്ത് ബട്-ലർ ഇന്ത്യയുടെ ജയത്തെ തടയാൻ ആഞ്ഞുശ്രമിച്ചു. പക്ഷേ, ബട്ലറെയും (25) ആൻഡേഴ്സണെയും (0) ഒരോവറിൽ മടക്കി സിറാജ് ചരിത്രം കുറിച്ചു. പരമ്പരയില ഇന്ത്യ 1–0ന് മുന്നിലെത്തുകയും ചെയ്തു. മൂന്നാം ടെസ്റ്റ് 25ന് തുടങ്ങും.