ലണ്ടൻ
അഫ്ഗാനിസ്ഥാനിൽ അമേരിക്കയുടെ തന്ത്രം പിഴച്ചെന്നും 20 വർഷം നീണ്ട യുദ്ധത്തിലെ ആത്യന്തിക വിജയി താലിബാൻ നേതാവ് അബ്ദുൾ ഗനി ബറാദർ തന്നെയെന്നും ബ്രിട്ടനിലെ ഗാർഡിയൻ ദിനപത്രം. പാക് ജയിലിലിലായിരുന്ന ബറാദറിനെ, ഡോണൾഡ് ട്രംപ് പ്രസിഡന്റായിരിക്കെ 2018ൽ, അമേരിക്കയുടെ അഭ്യർഥന പ്രകാരം വിട്ടയച്ചതാണ് വഴിത്തിരിവായത്. ബറാദർ ദോഹയിൽ ചർച്ച നയിക്കുകയും അധികാരം പങ്കിടാൻ സമ്മതിക്കുകയും ചെയ്യുമെന്ന അമേരിക്കയുടെ അഫ്ഗാൻ പ്രത്യേക ദൂതൻ സാൽമേ ഖലിൽസാദിന്റെ ധാരണ പിഴച്ചെന്നും ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.
1968ൽ ഉറുസ്ഗാൻ പ്രവിശ്യയിൽ ജനിച്ച ബറാദർ, 1980കളിൽ അഫ്ഗാൻ മുജാഹിദിന്റെ ഭാഗമായി സോവിയറ്റ് യൂണിയനെതിരെ പോരാടി. 1990കളിൽ രാജ്യം ആഭ്യന്തരയുദ്ധത്തിലായപ്പോൾ മുൻ നേതാവും അളിയനുമായ മുഹമ്മദ് ഒമറിനൊപ്പം(മുല്ല ഒമർ) കാണ്ഡഹാറിൽ മദ്രസ തുറന്നു. ഇസ്ലാമിക എമിറേറ്റ് സ്ഥാപിക്കാൻ ഇരുവരും ചേർന്നാണ് താലിബാൻ രൂപീകരിച്ചത്. മതാന്ധതയും തദ്ദേശീയ യുദ്ധപ്രഭുക്കളോടുള്ള പകയും കൈമുതലാക്കി പാകിസ്ഥാൻ ഇന്റലിജൻസ് ഏജൻസിയായ ഐഎസ്ഐയുടെ പിന്തുണയോടെ 1996ൽ താലിബാൻ അധികാരത്തിലെത്തി. 2001ൽ യുഎസ്–- അഫ്ഗാൻ സൈന്യം പുറത്താക്കുംവരെ സർക്കാരിലും സൈന്യത്തിലും ബറാദർ പ്രധാന പങ്ക് വഹിച്ചു. 2010ൽ സിഐഎ അദ്ദേഹം കറാച്ചിയിലുണ്ടെന്ന് കണ്ടെത്തി. ഒബാമ സർക്കാരിന്റെ നിർദേശപ്രകാരം ഐഎസ്ഐ ഫെബ്രുവരിയിൽ അറസ്റ്റ് ചെയ്തു.