ഒറ്റപ്പാലം > ചാനൽ ചർച്ചക്കിടെ വ്യക്തിപരമായും കുടുംബത്തിനെതിരേയും മോശം പരാമർശം നടത്തിയ അഡ്വ. എം ജയശങ്കർക്കെതിരെ എം ബി രാജേഷിന്റെ പരാതിയിൽ കേസ് എടുക്കാൻ കോടതി ഉത്തരവ്. ഒറ്റപ്പാലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജഡ്ജി അന്നുമേരി ജോസാണ്.
കേസെടുക്കാൻ ഉത്തരവിട്ടത്. ഒക്ടോബർ 20ന് ജയശങ്കർ കോടതിയിൽ ഹാജരാകണം. ഒറ്റപ്പാലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ക്രിമിനൽ ഡിഫാമേഷൻ പരാതി ഫയൽ ചെയ്തത്. 2019 ഡിസംബർ ആറി ന് ഏഷ്യാനെറ്റ് ന്യൂസ് ചാനലിൽ നടന്ന ചർച്ചിക്കിടെയാണ് എം ജയശങ്കർ എം ബി രാജേഷിനെതിരെ വിവാദ പരാമർശം നടത്തിയത്. വിനു വി ജോൺ ആയിരുന്നു അവതാരകൻ.
ഹൈദ്രാബാദിൽ നടന്ന പോലീസ് എറ്റുമുട്ടലിൽ നാലുപേരെ കൊലപ്പെടുത്തിയ വിഷയവുമായി ബന്ധപ്പെട്ട ചർച്ചയിലാണ് അപകീർത്തി പരാമർശം.
വാളയാർ കേസിലെ പ്രതികളെ രക്ഷിച്ചത് നമ്മുടെ മുൻ എംപി എം ബി രാജേഷും അദ്ദേഹത്തിന്റെ ഭാര്യ സഹോദരനായിട്ടുള്ള നിധിൻ കണിച്ചേരിയും മുൻകൈ എടുത്താണ് എന്നായിരുന്നു ജയശങ്കറിന്റെ ആരോപണം. ആ പ്രതികൾ ഇപ്പോൾ മാന്യന്മാരായി നെഞ്ചും വിരിച്ചു നടക്കുന്നു. അവർ ഡിവൈഎഫ്ഐയുടെയും സിപിഐ എമ്മിന്റേയും എല്ലാ ജാഥക്കും പോകുന്നു മുദ്രവാക്യം വിളിക്കുന്നു. മിടുമിടുക്കൻ മുല്ലക്കാരൻ എങ്ങനെയുണ്ട് അപ്പോൾ പോലീസ് ചെയ്തതിൽ ഒരു തെറ്റുമില്ല. ഇവരെ വെടിവെച്ചു കൊല്ലുകയാണ് വേണ്ടത്. അതിനേക്കാൾ പൈശാചികമായി കൊല്ലുകയാണ് വേണ്ടത് എന്നാണ് ജയശങ്കർ ചർച്ചയിൽ പറഞ്ഞത്.
സിപിഐ എം സംസ്ഥാനകമ്മിറ്റിയംഗമായ തന്നെ സമൂഹമധ്യത്തിൽ അപമാനിക്കാനാണ് ജയശങ്കർ മുതിർന്നത്. ഇതിനെതിരെ നിയമനപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് എം ബി രാജേഷ് ഒറ്റപ്പാലം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. ഇപ്പോൾ നിയമസഭാ സ്പീക്കറാണ് എം ബി രാജേഷ്. നേരത്തെ കോടതി എം ബി രാജഷിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇലക്ട്രോണിക്ക് തെളിവുകളും കൈമാറിയിട്ടുണ്ട്. കേസിൽ അഞ്ച് പേർ സാക്ഷിയുമായിട്ടുണ്ട്. പരാതികാരനും വേണ്ടി അഡ്വ.കെ ഹരിദാസ് ഹാജരായി.